ശക്തമായ പ്രതിപക്ഷ പ്രതിഷേധം; അലന്‍-താഹ കേസ് തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് അമിത്ഷാക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കനത്തതോടെ നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഐഎ ഏറ്റെടുത്ത യുഎപിഎ കേസ് സംസ്ഥാന പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തയച്ചു. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

മാവോയിസ്റ്റുകളെന്ന് ആരോപിച്ചാണ് അലനും താഹയും അറസ്റ്റിലാവുന്നത്. പിന്നീട് ഇവര്‍ക്കുമേല്‍ യുഎപിഎ ചുമത്തുകയായിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കേസ് എന്‍ഐഎക്ക് വിട്ടുകൊടുത്തത് സംസ്ഥാന സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

യുഎപിഎ ചുമത്തിയത് പുനപരിശോധിക്കുന്നതിന് മുമ്പ് തന്നെ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കേസ് തിരിച്ചുവിളിക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചു. എന്‍ഐഎ നിയമത്തിന്റെ 7 ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സര്‍ക്കാര്‍ തിരികെ വിളിക്കണമെന്നും യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്നും എംകെ മുനീര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അമിത്ഷാക്ക് കത്തെഴുതിയത്.