ഡല്‍ഹിയിലെ തുക്‌ഡെ തുക്‌ഡെ ഗ്യാങിനെ പാഠം പഠിപ്പിക്കാനുള്ള സമയമായെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുയരുന്ന പ്രതിഷേധത്തിനിടെ പ്രതിരോധത്തിലായ ആഭ്യന്തരമന്ത്രി അമിത് ഷാ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് രംഗത്ത്. ഡല്‍ഹിയിലെ തുക്‌ഡെ തുക്‌ഡെ ഗ്യാങിനെ പാഠം പഠിപ്പിക്കാനുള്ള സമയമായെന്നും കോണ്‍ഗ്രസിനെ ഉന്നംവെച്ച് ഷാ. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ഡല്‍ഹിയില്‍ കിംവദന്തികള്‍ പരത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യതലസ്ഥാനത്തെ അതിക്രമങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസാണ്. ഡല്‍ഹിയിലെ തുക്‌ഡെതുക്‌ഡെ ഗ്യാങിനെ പാഠം പഠിപ്പിക്കാനുള്ള സമയമായെന്നും കോണ്‍ഗ്രസിനെ ഉന്നംവെച്ച് ഷാ പറഞ്ഞു. കോണ്‍ഗ്രസിനെയും പ്രതിപക്ഷ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവരെയും ആക്രമിക്കാന്‍ വലതുപക്ഷ പാര്‍ട്ടികള്‍ ആവിഷ്‌കരിച്ചതാണ് തുക്‌ഡെതുക്‌ഡെ ഗാങ് എന്ന പ്രയോഗം.

പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷം ഒന്നും പറഞ്ഞില്ല. പാര്‍ലമെന്റിന് പുറത്തിറങ്ങിയതിനു പിന്നാലെ അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങി ഷാ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന തുക്‌ഡെതുക്‌ഡെ ഗ്യാങിനെ ശിക്ഷിക്കാനുള്ള സമയമായി. അവരാണ് നഗരത്തിലെ അക്രമങ്ങള്‍ക്ക് കാരണം. ഡല്‍ഹിയിലെ ജനങ്ങള്‍ അവര്‍ക്ക് ശിക്ഷ നല്‍കണമെന്നും ഷാ പറഞ്ഞു.