ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ പ്രതിപക്ഷ കക്ഷികളുടെ യോഗം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ആം ആദ്മി പാര്‍ട്ടിയൊഴികെ മിക്ക കക്ഷികളും പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യോഗം. 20 പ്രതിപക്ഷ കക്ഷികള്‍ വീഡിയോ പ്ലാറ്റ്‌ഫോമില്‍ ഒന്നിക്കും എന്നതാണ് യോഗത്തിന്റ പ്രത്യേകത.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ യോജിച്ച പ്രതിപക്ഷ തന്ത്രത്തിന് യോഗം രൂപം നല്‍കും. ചില സംസ്ഥാനങ്ങളിലെ തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്തതും യോഗം ചര്‍ച്ച ചെയ്യും. കര്‍ഷക പ്രശ്‌നങ്ങളും കോവിഡിനെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജും ചര്‍ച്ചയ്ക്ക് വരും.
ശിവസേനയ്ക്കു വേണ്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സജ്ഞയ് സിങ് വ്യക്തമാക്കി. നേരത്തെ, സഹകരണം അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ മിക്ക പ്രതിപക്ഷ നേതാക്കള്‍ക്കും ഫോണ്‍ ചെയ്തിരുന്നു.
കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ മോദി സര്‍ക്കാര്‍ നിഷ്‌ക്രിത്വം പുലര്‍ത്തുകയാണ് എന്ന് വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ തീവണ്ടികളില്‍ യാത്രാ നിരക്ക് ഏര്‍പ്പെടുത്തിയതിലും സര്‍ക്കാര്‍ വിമര്‍ശന വിധേയമായിരുന്നു. ലോക്ക്ഡൗണിന് പിന്നാലെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് വീട്ടിലേക്കുള്ള യാത്രയില്‍ നിരത്തുകളിലുള്ളത്. പലരും നൂറു കണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് വീടുകളിലേക്ക് യാത്ര പോകുന്നത്.