സര്‍ക്കാര്‍ ബോധപൂര്‍വം നിരോധനാജ്ഞ നീട്ടുന്നു: ചെന്നിത്തല

 

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ഉന്നയിച്ച് മൂന്ന് യു.ഡി. എഫ് എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നതിനാലാണ് സര്‍ക്കാര്‍ ബോധപൂര്‍വം നിരോധനാജ്ഞയുടെ കാലാവധി നീട്ടിക്കൊണ്ടുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.എല്‍.എമാരുടെ സമരത്തെ നിസ്സാരവല്‍ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് തൊഴിലാളികളെ ദ്രോഹിക്കുന്ന പഴയ മുതലാളിമാരുടെ മനോഭാവമാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സത്യഗ്രഹം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ വിളിച്ചതനുസരിച്ച് താനും കെ.സി.ജോസഫും സ്പീക്കറെ കണ്ടിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യമാണ് ഉന്നയിച്ചത്. സര്‍ക്കാരുമായി വിഷയം ചര്‍ച്ചചെയ്തശേഷം സ്പീക്കര്‍ തന്നെ തിരികെ വിളിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭയില്‍ പ്രസ്താവന നടത്തി സമരം അവസാനിപ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും സ്പീക്കറുടെ അഭ്യര്‍ത്ഥന മാനിച്ച് സമരത്തില്‍നിന്ന് പിന്‍മാറുന്നത് ശരിയല്ല. അതിനാല്‍ സമരം തുടരും.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ അവിടെ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. കഴിഞ്ഞ മണ്ഡലകാലത്ത് പ്രതിദിനം അഞ്ചുമുതല്‍ ഏഴുവരെ ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയിരുന്ന ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ആകെ എത്തിയത് 10 ലക്ഷം പേര്‍ മാത്രമാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല.
ജനാധിപത്യ ഭരണാധികാരിക്ക് ചേര്‍ന്ന രീതിയിലല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം. പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളോട് പ്രതികരിക്കാന്‍പോലും കൂട്ടാക്കുന്നില്ല. സഭാ നടപടികള്‍ സുഗമമായി നടക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. നിയമസഭ ആരംഭിച്ചതിനുപിന്നാലെ രണ്ടുപ്രാവശ്യം അദ്ദേഹം സഭയില്‍നിന്ന് ഇറങ്ങിപ്പോയത് മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

SHARE