പുച്ഛിച്ച് തള്ളിയവയില്‍ നിന്നും പിന്മാറേണ്ടി വന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമെന്ന് ചെന്നിത്തല

തിരുവനന്തപുരം: അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത്, കൊള്ള എന്നിവയുടെ ഉറവിടമായി സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളിയിട്ടുണ്ടെങ്കിലും പിന്നീട് ആരോപണങ്ങളുടെ വസ്തുതയില്‍ സര്‍ക്കാരിന് പിന്മാറേണ്ടി വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം വിലയിരുത്തിയാല്‍ അഴിമതി തന്നെയാണ് പ്രധാന ഘടകമെന്നും അദ്ദേഹം ആരോപിച്ചു. ഓരോഘട്ടത്തിലും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളിയിട്ടുണ്ടെങ്കിലും ആരോപണങ്ങളുടെ വസ്തുത പരിശോധിച്ച് സര്‍ക്കാരിന് പിന്മാറേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ഇപി ജയരാജന്‍ രാജിവെച്ച ബന്ധുനിയമനം, ബ്രൂവറി – ഡിസ്റ്റിലറി അഴിമതി, മാര്‍ക്ക് ദാനം, ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി, പോലീസിലെ അഴിമിതികള്‍ ഇവയെല്ലാം യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളാണ്. ഇതില്‍ മാര്‍ക്ക് ദാനം ഒഴിച്ചുള്ളതെല്ലാം മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടതാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ അറിയില്ല, അല്ലെങ്കില്‍ അതിനുള്ള കഴിവില്ല എന്ന് തെളിഞ്ഞതാണ് പോലീസ് ഹെഡക്വാര്‍ട്ടേഴ്സിലെ അഴിമതി.

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പദ്ധതിയില്‍ അന്വേഷണ കമ്മീഷനെ വെച്ച സര്‍ക്കാരാണ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ 151 കോടിയുടെ പര്‍ച്ചേസിലെ അഴിമതിയേപ്പറ്റി സിഎജി റിപ്പോര്‍ട്ടിന്റെ പുറത്ത് അന്വേഷണം നടത്താതിരിക്കുന്നത്. ഡിജിപിയെ സംരക്ഷിച്ച് അഴിമതി മൂടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

സെക്രട്ടേറിയേറ്റില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് ബാക്ക് ഓഫീസ് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തെങ്കില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഗാലക്സിയോണ്‍ എന്ന കമ്പനി ഫ്രണ്ട്ഓഫീസ് തുടങ്ങി. വ്യാപകമായ കൊള്ളയും അഴിമതിയുമാണ് മുഖ്യമന്ത്രി വഹിച്ച വകുപ്പുകളില്‍ പറയുന്നത്.

ഐടി വകുപ്പിലാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടന്നത്. ഇവയേപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണൾ എല്ലാം ശരിയായി. മാർക്ക് ദാനമൊഴിച്ച് ബാക്കിയെല്ലാം മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. ഐടി വകുപ്പിലെ നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യവും സർക്കാർ തളളി. കരാർ നിയമനങ്ങൾ നടപ്പാക്കാൻ പി. എസ്.സി റാങ്ക് ലിസ്റ്റുകൾ തട്ടി കളയുകയാണ്. കൺസട്ടൻസി രാജാണ് കേരളത്തിൽ നടപ്പാക്കുന്നത്. റോഡ് പണിക്കുപോലും കൺസട്ടൻസി നല്‍കുകയാണ്.

ശബരിമല വിമാനത്താവളത്തിന്  കൺസൾട്ടൻസി നൽകിയതില്‍ അഴിമതിയുണ്ട്.  സ്ഥലം തീരുമാനിക്കുന്നതിന്  ന്യൂജഴ്സി ആസ്ഥനമായ ലൂയിസ് ബർഗറിന് കൺസൾട്ടൻസി നൽകി. 4.6 കോടി രൂപ നിശ്ചയിച്ചു. സ്ഥലം തീരുമാനിക്കാതെ എങ്ങനെ കൺസൾട്ടൻസിയെ തീരുമാനിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ലൂയിസ് ബർഗർ അഴിമതി കേസുകളിൽപ്പെട്ടിട്ടുള്ള കമ്പനിയാണ്. ഇന്ത്യയിൽ തന്നെ സി ബി ഐ അന്വേഷണം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്  ആവശ്യപ്പെട്ടു.

ഇക്കാരങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്ക് അപ്പ് കേരള എന്ന പേരില്‍ എല്ലാ വാര്‍ഡുകളിലും സത്യാഗ്രഹ സമരം ആരംഭിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.