ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണം; സഭാചട്ട പ്രകാരം പ്രമേയവുമായി പ്രതിപക്ഷം

തിരുവനന്തപുരം: കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം. ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗവര്‍ണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയതായും വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരുമെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരുകാലത്തും ഗവര്‍ണര്‍ സര്‍ക്കാറുമായോ പ്രതിപക്ഷമായോ ഇത്തരത്തില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. ജനാധിപത്യ സംവിധാനത്തിന് ഇത് ഭൂഷണമല്ല. അതുകൊണ്ടാണ് രാഷ്ട്രപതിയോട് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം മുന്നോട്ടുവന്നതെന്നും ചെന്നിത്തല പറഞ്ഞു.

സഭാചട്ടം 130 പ്രകാരം ഗവര്‍ണറെ കേന്ദ്രം തിരികെ വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിനായി പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയതായി ചെന്നിത്തല വ്യക്തമാക്കി.
സ്പീക്കറുടെ അനുമതിയോടെ വോട്ടെടുപ്പില്ലാതെ ഏകകണ്ഠമായാണ് പ്രമേയം സഭ പാസാക്കിയത്. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍. എന്നാല്‍ പ്രമേയത്തെ തള്ളിപ്പറയുകയും നിയമസഭ കൂടിയതിനെ അവഹേളിക്കുകയും ചെയ്ത ഗവര്‍ണര്‍ സഭയുടെ അന്തസ്സിനെയും മഹത്വത്തെയും ഗുരുതരമായി ബാധിച്ച പ്രശ്‌നമാണെന്നും ചെന്നിത്തല പറഞ്ഞു. 1989ല്‍ അന്നത്തെ സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണന്റെ റൂളിങ് പ്രകാരം ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്നും ചൂണ്ടിക്കാട്ടി.

മുമ്പും ഇത്തരം പ്രമേയങ്ങള്‍ നിയമസഭ പാസാക്കിയിട്ടുണ്ട്. പ്രമേയത്തിനെതിരെ ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ സ്പീക്കറിനെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ പരസ്യമായി നിയമസഭാ നടപടിയെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല ചെന്നിത്തല പറഞ്ഞു. നിയമസഭ പാസാക്കിയ പ്രമേയത്തെ ഗവര്‍ണര്‍ പരസ്യമായി തള്ളുന്നത് സഭയുടെ അന്തസിന് കളങ്കം സൃഷ്ടിക്കും. ഗവര്‍ണര്‍ പരസ്യമായി സഭയെ ചോദ്യം ചെയുന്നത് ന്യായികരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.