നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു; നിയമസഭക്ക് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ഗവര്‍ണറുടെ കാല് പിടിച്ചാണ് സി.എ.എ വിരുദ്ധ പരാമര്‍ശങ്ങള്‍ വായിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. സഭക്ക് പുറത്തിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സഭാകവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുകയായിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ ‘ഗോ ബാക്ക് ‘ വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്നു. ഗവര്‍ണര്‍ക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കുകയായിരുന്നു.

SHARE