പ്രതിപക്ഷത്തിന്റെ ഷെയിം…ഷെയിം…വിളികളില്‍ നാണംകെട്ട് ഗൊഗോയിയുടെ സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെത്തുന്ന പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും അഭിപ്രായ ഭിന്നതകള്‍ മറന്ന് അഭിനന്ദിക്കുന്നതാണ് പൊതുവെ കാണാറുള്ളത്. എന്നാല്‍ ഇന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. ബാബരി മസ്ജിദ് അടക്കമുള്ള കേസുകളില്‍ സംഘപരിവാറിന് അനുകൂലമായി നിലപാടെടുത്തതിന് പ്രത്യുപകാരമായിക്കിട്ടിയ രാജ്യസഭാ സീറ്റില്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.

രാജ്യസഭാ അധ്യക്ഷനായ വെങ്കയ്യാ നായിഡുവിന്റെ മുറിയില്‍ നിന്ന് വാതില്‍ തുറന്ന് പ്രതിപക്ഷ ബെഞ്ചിന് മുന്നിലൂടെ വന്ന ഗൊഗോയിയെ പ്രതിപക്ഷ അംഗങ്ങളാരും ഗൗനിച്ചില്ല. പ്രതിപക്ഷത്തിന്റെ അവഗണനയില്‍ പതറിയ ഗൊഗോയിയെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചെന്ന് സ്വീകരിച്ച് ഒരുവിധം രക്ഷപ്പെടുത്തുകയായിരുന്നു. നര്‍ത്തകി സോനാലി മാന്‍സിങ്ങിനടുത്ത് ജീവനക്കാര്‍ കൊണ്ടു വന്നിരുത്തിയതും പരിഹസിച്ചു ആംഗ്യം കാണിച്ചും പൊട്ടിചിരിച്ചും കമന്റുകള്‍ അടിച്ചും പ്രതിപക്ഷ അംഗങ്ങള്‍ ഗൊഗോയിയെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. ‘ഡീലുറപ്പിച്ച് യുവര്‍ ലോര്‍ഡ്ഷിപ്പ് രാജ്യസഭയിലെത്തിയല്ലോ’ എന്ന് പറഞ്ഞ് ചിരിക്കുന്നവരെ നോക്കി ആശ്വസിപ്പിക്കാന്‍ ഒരാളില്ലാതെ ഒറ്റപ്പെട്ട് ആള്‍കൂട്ടത്തില്‍ തനിയെ ഗോഗോയി ഇരുന്നു.

11 മണിക്ക് ചെയറില്‍ വന്നിരുന്ന നായിഡു സത്യപ്രതിജ്ഞക്ക് വിളിച്ചതും ‘ഡീല്‍..ഡീല്‍ ഷെയിം ..ഷെയിം ‘ എന്നാര്‍ത്ത് പ്രതിപക്ഷം എഴുന്നേറ്റു. തനിക്ക് മുന്നില്‍ അഭിമുഖമായി എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുന്നത് കണ്ട് പതറിപ്പോയ ഗോഗോയി പ്രതിജ്ഞ തുടങ്ങാനാകാതെ കുഴങ്ങി. വന്‍ ബഹളത്തിനിടയില്‍ നിസ്സഹായനായി പ്രതിപക്ഷത്തെയും നായിഡുവിനെയും നോക്കിയ ഗൊഗോയിയോട് പ്രതിജ്ഞ എടുക്കാന്‍ നായിഡു നിര്‍ദേശിച്ചു. പ്രതിജ്ഞ കേള്‍ക്കാന്‍ പോലും വയ്യാത്ത ബഹളത്തില്‍ മുക്കി പ്രതിപക്ഷം ഇറങ്ങിപ്പോയി. സഭാ നടപടികളിലേക്ക് തിരിച്ചു വന്നതിന് ശേഷവും പ്രതിപക്ഷം ഗൊഗോയിക്ക് നേരെ ഒളിയമ്പുകള്‍ എയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

SHARE