ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഗ്രേറ്റര്‍ നോയിഡയിലെ ഫാക്ടറിയില്‍ ആറ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനം ഓപ്പോ നിര്‍ത്തിവെച്ചു. സുരക്ഷാ കണക്കിലെടുത്ത് ജീവനക്കാരോടെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വീട്ടില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കമ്പനി.
ഈ പ്ലാന്റില്‍ ജോലി ചെയ്യുന്ന 3000ത്തിലധികം ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായി ഓപ്പോ അറിയിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരുടെയും കോവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ച ശേഷം കോവിഡ് നെഗറ്റീവായ ജീവനക്കാരെ ഉള്‍പ്പെടുത്തി കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കും.
30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി കമ്പനികള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ചയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഓപ്പോ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഓപ്പോ മാത്രമല്ല, മെയ് എട്ട് മുതല്‍ റിയല്‍മി, വിവോ, സാംസങ് എന്നീ കമ്പനികള്‍ നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ പ്രദേശങ്ങളില്‍ തങ്ങളുടെ യൂണിറ്റുകളില്‍ പ്രവര്‍ത്തനങ്ങള്‍ ചെറിയ തോതില്‍ പുനരാരംഭിച്ചിരുന്നു.
മാര്‍ച്ച് മധ്യത്തോടെയാണ് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, വിവോ, റിയല്‍മി എന്നിവ തങ്ങളുടെ ഉത്തര്‍പ്രദേശിലെ ഫാക്ടറികള്‍ അടച്ചത്. ഗ്രേറ്റര്‍ നോയ്ഡയില് സ്ഥിതി ചെയ്യുന്ന പ്ലാന്റുകളെല്ലാം ഈ കമ്പനികള്‍ അടച്ചിരുന്നു. ഏതാണ്ട് നാല്പത് ദിവസങ്ങള്‍ക്ക് ശേഷം വിവിധ സ്മാര്‍ട്ഫോണ്‍ കമ്പനികള്‍ ഉത്പാദനം ചെറിയ തോതിലെങ്കിലും ആരംഭിച്ചതോടെ ഇന്ത്യയുടെ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണ ബെല്‍റ്റില്‍ ചെറിയ ചലനം പ്രകടമായിരുന്നു. വരും ദിവസങ്ങളില്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ കമ്പനികള്‍ തുടരുമ്പോഴാണ് ഓപ്പോ നിര്‍ത്തിവെക്കുന്നത്.