ഷര്‍ജീല്‍ ഇമാമിനെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളാണ് ഷര്‍ജീല്‍ ഇമാമിനെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153 എ, 505 തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

ജനുവരി 16 ന് അലിഗണ്ഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് അസമിലും ഉത്തര്‍പ്രദേശിലും ഷര്‍ജീല്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. തൊട്ടുപിന്നാലെ അരുണാചല്‍പ്രദേശിലും മണിപ്പൂരിലും ഡല്‍ഹിയിലും വിദ്യാര്‍ഥിക്കെതിരെ ഷര്‍ജില്‍ ഇമാമിനെതിരെ കേസെടുത്തു.

അസമിനെ വേര്‍പെടുത്തണമെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് രാജ്യത്തെ വിഭജിക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുന്നത്. അസമിലേക്ക് സൈന്യം പോകുന്ന വഴി തടസപ്പെടുത്തി പൗരത്വ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തണം എന്ന പ്രസ്താവനയാണ് ഷര്‍ജീലിനെ കുടുക്കിയിരിക്കുന്നത്. ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയിലും സമാനമായ പ്രസംഗങ്ങള്‍ ഷര്‍ജീല്‍ ഇമാം നടത്തിയതായി ഡല്‍ഹി പോലിസ് ആരോപിക്കുന്നുണ്ട്്. രാജ്യത്തിന്റെ ഐക്യത്തിനെയും അഖണ്ഡതയെയും ബാധിക്കുന്ന തരത്തില്‍ ഷര്‍ജീല്‍ പ്രസംഗിച്ചുവെന്നാണ് ഡല്‍ഹി പോലിസ് ആരോപിക്കുന്നത്.

അതേസമയം, ഷര്‍ജീല്‍ ഇമാമിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഷാര്‍ജീല്‍ ഇമാം എന്തെങ്കിലും കുറ്റം ചെയ്തതായി താന്‍ കരുതുന്നില്ലെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു പറഞ്ഞു.
ഭൂമി സംബന്ധിച്ച 1969ലെ യുഎസ് സുപ്രീം കോടതി വിധിയും 2011 ല്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ ഭൂമിയുടെ നിയമവും മുന്‍നിര്‍ത്തിയാണ് കട്ജു വാദം സംഭവത്തെ ന്യായീകരിക്കുന്നത്. നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയോ സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെങ്കില്‍
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (എ) ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തില്‍ തീവ്രവികാരമുയര്‍ത്തുന്ന സംഭാഷണവും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഷഹീന്‍ബാഗ് സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേസെടുത്തിരിക്കുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഷര്‍ജീല്‍ ഇമാം തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാനും പോലിസിനെ മനീഷ് സിസോദിയ വെല്ലുവിളിച്ചു. എന്നാല്‍, ഷഹീന്‍ബാഗിലെ പ്രതിഷേധ സ്ഥലത്താണ് ഷര്‍ജീല്‍ ഇമാം വിവാദ പ്രസംഗം നടത്തിയതെന്ന് പ്രചരിക്കുന്ന ഭാഗങ്ങളില്‍ നിന്ന് വ്യക്തമല്ലെന്ന വാദവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍ ഷര്‍ജീല്‍ ഇമാമിനെ ഇതേവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ദല്‍ഹി പൊലീസും യു.പി പൊലീസും ഷര്‍ജില്‍ ഇമാമിനെ കണ്ടുപിടിക്കാനുള്ള അന്വേഷണം ആരംഭിച്ചു. ഷര്‍ജീലിനെ തെരഞ്ഞു ബിഹാറിലെ വീട്ടിലെത്തിയ പൊലീസ് ആളെ കിട്ടാഞ്ഞ് ബന്ധുക്കളില്‍ ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

ബോംബെ ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം ടെക്ക് ബിരുദം നേടിയ ശേഷം ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഉപരിപഠനത്തിനായി ജെഎൻയുവിൽ ചേർന്ന ഷർജീൽ ആണ് ഷാഹീൻ ബാഗ് സമരങ്ങളുടെ പ്രധാന ആസൂത്രകൻ എന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. 

കഴിഞ്ഞ ദിവസം ഷാഹീൻ ബാഗിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയിലെ പരാമർശങ്ങൾ ഇങ്ങനെയായിരുന്നു, “അസമിലെ മുസ്ലീങ്ങൾക്ക് സംഭവിക്കുന്നത് എന്തെന്ന് വല്ല നിശ്ചയവുമുണ്ടോ? അവിടെ NRC നടപ്പിൽ വന്നുകഴിഞ്ഞു. മുസ്ലിങ്ങളെ അവർ ഡിറ്റൻഷൻ സെന്ററുകളിൽ പിടിച്ചിട്ടുകഴിഞ്ഞു. അവിടെ നടക്കുന്നത് ഒരു കൂട്ടക്കൊലയാണ്. ഏഴെട്ടുമാസം കഴിഞ്ഞാവും നമ്മൾ അറിയുക ചിലപ്പോൾ, ഹിന്ദുവെന്നോ മുസ്ലിമെന്നോ ഭേദമില്ലാതെ എല്ലാ ബംഗാളികളെയും അവർ കൊന്നുതള്ളി എന്ന്. അസമിനെ രക്ഷിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മൾ അടിയന്തരമായി ചെയ്യേണ്ടത് അസമിലെ ഇന്ത്യയിൽ നിന്ന് കട്ട് ഓഫ് ചെയ്യുകയാണ്. ഇന്ത്യൻ ആർമിക്കോ വേണ്ട സാധനസാമഗ്രികൾക്കോ അവിടേക്ക് എത്തിച്ചേരാനുള്ള വഴി അടച്ചു കളയുകയാണ്…” ഷർജീൽ പറഞ്ഞു.

“അഞ്ചുലക്ഷം പേരെ സംഘടിപ്പിക്കാൻ നമുക്ക് കഴിയും എന്നുണ്ടെങ്കിൽ, നമുക്ക് നോർത്ത് ഈസ്റ്റിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനും (cut off) കഴിയും. പെർമനന്റ് ആയിട്ടല്ലെങ്കിലും ഒന്നോ രണ്ടോ മാസത്തേക്കെങ്കിലും അങ്ങനെ ചെയ്യാനാകും. റെയിൽവേ ട്രാക്കുകളിലും റോഡിലുമൊക്കെ പരമാവധി തടസ്സങ്ങൾ വാരിയിടൂ, അത് നീക്കാൻ തന്നെ മാസങ്ങൾ എടുക്കണം. റോഡും റെയിലും വഴി അങ്ങോട്ട് പോകാനേ പറ്റരുത്. പോവട്ടെ എയർഫോഴ്സിനെ കൂട്ടുപിടിച്ച്. അങ്ങനെ അസമിനെ റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് കട്ട് ഓഫ് ചെയ്താലേ ഫലമുണ്ടാകൂ. എന്നാലേ അവർ നമ്മൾ പറയുന്നത് ശ്രദ്ധിക്കൂ…” ഷർജീൽ കൂട്ടിച്ചേർത്തു.

“നമുക്ക് അത് നിഷ്പ്രയാസം ചെയ്യാനാകും. കാരണം ചിക്കൻ നെക്കിൽ നമ്മൾ മുസ്ലിങ്ങൾക്കാണ് ഭൂരിപക്ഷമുള്ളത്.” ഷർജീൽ പറഞ്ഞു. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിച്ചു നിർത്തുന്ന 22 കിലോമീറ്റർ നീളമുള്ള ഒരു ചെറിയ ‘ബോട്ടിൽ നെക്ക്’ ഭൂഭാഗമായ സിലിഗുഡി കോറിഡോറാണ് ചിക്കൻ നെക്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ഭൂഭാഗത്തിന്റെ ഒരു വശത്ത് നേപ്പാളും, മറുവശത്ത് ബംഗ്ലാദേശുമാണ് അതിർത്തി പങ്കിട്ടുകൊണ്ട് സ്ഥിതിചെയ്യുന്നത്. ഏറെ സംവേദനക്ഷമമായ ഈ പ്രദേശത്തുള്ള മുസ്ലിങ്ങളെ സംഘടിപ്പിച്ച് ഉത്തരപൂർവ്വ ഇന്ത്യയിലേക്കുള്ള കരഗതാഗതം സ്തംഭിപ്പിക്കണം എന്നാണ് ഷർജീൽ ആഹ്വാനം ചെയ്‌തത്‌.