കോവിഡിന്റെ മറവില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ ഓപറേഷന്‍ ലോട്ടസ്; അണിയറ നീക്കങ്ങള്‍ സജീവം

മുംബൈ: രാജ്യത്ത് കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അന്തര്‍ നാടകങ്ങളും സജീവം. കോവിഡ് നേരിടുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാറിനെ മാറ്റി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് നാരായണ്‍ റാണെ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. കോവിഡ് നേരിടുന്നതില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പരാജയമാണെന്നും സംസ്ഥാനത്തിന് ഇപ്പോള്‍ വേണ്ടത് കരുത്തുറ്റ നേതൃത്വമാണ് എന്നുമാണ് ബി.ജെ.പിയുടെ കുറ്റപ്പെടുത്തല്‍. ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്കൊപ്പം സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്താനുള്ള വഴികളും ആലോചിക്കുകയാണ് ഇപ്പോള്‍ ബി.ജെ.പി.

‘കേന്ദ്രത്തില്‍ നിന്ന് സാമ്പത്തിക സഹായം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാറിന്റെ മുന്‍ഗണനയെന്താണ് എന്നു മനസ്സിലാകുന്നില്ല. ഉറച്ച നേതൃത്വമാണ് ഇപ്പോള്‍ സംസ്ഥാനത്തിന് വേണ്ടത്. ഉദ്ധവ് ജി ധീരമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് ഞാന്‍ കരുതുന്നു’- മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

അണിയറയില്‍ സര്‍ക്കാറിനെ മറിച്ചിടാനുള്ള നീക്കങ്ങള്‍ സജീവമാണെന്ന് ഒരു ബി.ജെ.പി നേതാവ് ദ ടെലഗ്രാഫിനോട് വെളിപ്പെടുത്തി. ‘കാത്തിരുന്നു കാണൂ. ഉദ്ധവിന് മഹാമാരിയെ മാത്രമല്ല, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ കൂടി നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. സമീപഭാവിയില്‍ സര്‍ക്കാര്‍ വീണാല്‍ അത്ഭുതപ്പെടാനില്ല’ – അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാറിനെ രക്ഷിക്കാന്‍ പവാര്‍ സാഹബ് ശ്രമിക്കുമായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ള ഒരുപാട് പേര്‍ ഞങ്ങള്‍ക്കൊപ്പമാണ്’ – മറ്റൊരു നേതാവ് പറഞ്ഞു.

അതേസമയം, അധികാരം കിട്ടാത്തതു കൊണ്ടാണ് ഫഡ്‌നാവിസ് അക്ഷമനാകുന്നത് എന്ന് ശരദ് പവാര്‍ പ്രതികരിച്ചു. സര്‍ക്കാറിന് ഭീഷണിയൊന്നും ഇല്ലെന്നും എല്ലാ എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആറു മാസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസുമായും എന്‍.സി.പിയുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചത്. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം വാഗ്ദാനം നല്‍കിയ ബി.ജെ.പി അതു പാലിച്ചില്ലെന്ന് ആരോപിച്ചാണ് സേന മൂന്നു പതിറ്റാണ്ട് നീണ്ട എന്‍.ഡി.എ ബന്ധം അവസാനിപ്പിച്ചത്.

അതിനിടെ, ഭരണപക്ഷത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഉദ്ധവ് താക്കറെ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചു.