ഗുജറാത്തിലും ഓപറേഷന്‍ ലോട്ടസ് തിരിച്ചടിക്കുന്നു; സീറ്റിനെ ചൊല്ലി പൊട്ടിത്തെറി

അഹമ്മദാബാദ്: ഗുജറാത്തില്‍ ഓപറേഷന്‍ താമര ബി.ജെ.പിക്ക് തന്നെ തലവേദനയാവുന്നു. സംസ്ഥാന സര്‍ക്കാറിന്റെ സ്ഥിരത ഉറപ്പുവരുത്താനും, ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാനുമായാണ് ഒരുവെടിക്ക് രണ്ട് പക്ഷി എന്ന തന്ത്രം പയറ്റിഓപറേഷന്‍ താമര വഴി കോണ്‍ഗ്രസില്‍ നിന്നും എം.എല്‍.എമാരെ ബി.ജെ.പി അടര്‍ത്തിയെടുത്തത്.

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ട് എത്തിയവര്‍ക്ക് സീറ്റ് നല്‍കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ കലാപക്കൊടി ഉയര്‍ത്തി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകള്‍ ബി.ജെ.പിക്ക് ഏറെ നിര്‍ണായകമായതിനാല്‍ പ്രവര്‍ത്തകര്‍ക്കിടയിലെ അസ്വാരസ്യം പാര്‍ട്ടിക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പായി നാല് കോണ്‍ഗ്രസ് എം.എല്‍.എമാരെയാണ് ബി.ജെ.പി അടര്‍ത്തി രാജിവെപ്പിച്ചത്.

എം.എല്‍.എമാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതായിരുന്നു ഇത് വഴി മുഖ്യമന്ത്രി വിജയ് രൂപാണി ലക്ഷ്യമിട്ടത്. ഇതോടൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ ഓളം സൃഷ്ടിക്കാമെന്നും പാര്‍ട്ടി കണക്ക് കൂട്ടി. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ മാനവദാര്‍ എം.എല്‍.എയായിരുന്ന ജവാഹര്‍ ചാവ്ഡയെ രൂപാണി മന്ത്രിസഭയില്‍ അംഗമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയവരാണ് സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ ദ്രാങ്ദാരയില്‍ മത്സരിക്കുന്ന പര്‍ശോത്തം സബരിയക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തുകയും മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. ഇതിന് പുറമെ ഉന്‍ജയില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ ആശ പട്ടേലിന് ടിക്കറ്റ് നല്‍കിയാല്‍ ബി.ജെ.പിയെ തോല്‍പിക്കുമെന്ന ഭീഷണിയുമായി പാര്‍ട്ടിയുടെ അഞ്ചു തവണ എം.എല്‍.എയായിരുന്ന മുതിര്‍ന്ന നേതാവ് നരന്‍ പട്ടേല്‍ രംഗത്തു വന്നതും പാര്‍ട്ടിയെ കുഴക്കുന്നുണ്ട്.

മോദിയുടെ ജന്മനാടായ വദ്‌നഗര്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ആശ പട്ടേലിനോട് തോറ്റയാളാണ് നരന്‍ പട്ടേല്‍. നരന്റെ ഭീഷണി മെഹ്‌സാന ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സാധ്യതകളെ തകിടം മറിക്കുമെന്ന് പാര്‍ട്ടി ഭയക്കുന്നുണ്ട്. ജാംനഗറിലും കോണ്‍ഗ്രസ് വിട്ടെത്തിയ ആളെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബി.ജെ.പിക്കുള്ളില്‍ അസ്വാരസ്യം പുകയുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യം ലോക്‌സഭാ സാധ്യതകളെ ബാധിക്കുമെന്ന ഭീതി ബി.ജെ.പിക്കുണ്ട്.