ഓപ്പറേഷന്‍ ‘കരുണ’യുമായി സൈന്യം; ആലുവയില്‍ നിന്ന് ആശ്വാസം കേള്‍ക്കുന്നു

കൊച്ചി: സൈന്യത്തിന്റെ ഓപ്പറേഷന്‍ കരുണ പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആലുവയിലെ വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷിച്ചവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. അതേസമയം, പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ആലുവ കൂടാതെ, പെരുമ്പാവൂര്‍, കാലടി എന്നിവയും വെള്ളത്തിനടിയിലാണ്.

കാലടിയില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. കാലടി ചൊവ്വരയില്‍ പള്ളിയില്‍ അകപ്പെട്ട ഗര്‍ഭിണിയെ ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപ്പെടുത്തി. നിരവധി പേരാണ് പ്രദേശത്ത് കുടുങ്ങി കിടക്കുന്നത്.

മാനന്തവാടി പഞ്ചാരകൊല്ലിയില്‍ വ്യാഴാഴ്ച്ച രാത്രി ഉണ്ടായ ഉരുള്‍പൊട്ടലിലില്‍ അഞ്ച് വീടുകള്‍ മണ്ണിനടിയിലായി. ആര്‍ക്കും ആളപായമില്ല. 60 കുടുംബങ്ങളെ കുറ്റിമൂലയിലേക്കും പിലാക്കാവിലേക്കും മാറ്റി. വനം ,റവന്യൂ, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രാത്രി എല്ലാവരെയും മാറ്റിയത്. മൃഗങ്ങളും കൃഷിയും മണ്ണിനടിയിലായി. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.

SHARE