ഊട്ടിയിലേക്കുള്ള സുന്ദര പാത; കല്ലട്ടി ചുരത്തില്‍ മരണം പതിയിരിക്കുന്നു

അഞ്ചു വര്‍ഷത്തിനിടെ 250ഓളം അപകടങ്ങള്‍ * 37 പേര്‍ക്ക് ജീവഹാനി * 300ലധികം പേര്‍ക്ക് പരിക്ക്

ഗൂഡല്ലൂര്‍: മൈസൂര്‍-മസിനഗുഡി-ഊട്ടി റൂട്ടിലെ കല്ലട്ടി ചുരത്തില്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നു. 2018 ജനുവരി ഒന്ന് മുതല്‍ ഒക്‌ടോബര്‍ മൂന്ന് വരെ കല്ലട്ടി ചുരത്തില്‍ മൊത്തം 38 അപകടങ്ങളാണ് നടന്നത്. ഇതില്‍ പത്ത് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അപകടങ്ങളും, അപകട മരങ്ങളും വര്‍ദ്ധിച്ചു വരികയാണ്.

കഴിഞ്ഞ ദിവസുണ്ടായ അപകടത്തില്‍ ചെന്നൈ സ്വദേശികളായ അഞ്ച് സഞ്ചാരികളാണ് മരിച്ചത്. കാര്‍ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിലായി 250ഓളം അപകടങ്ങളാണ് സംഭവിച്ചത്. ഇതില്‍ 37ലധികം പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു. 300ലധികം പേര്‍ക്കാണ് പരിക്കേറ്റത്. ഊട്ടി-ഗൂഡല്ലൂര്‍ പാത, ഊട്ടി-മസിനഗുഡി പാത എന്നീ പ്രധാന പാതകളാണ് ഊട്ടിയിലേക്കുള്ളത്. ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള എളുപ്പ വഴി കൂടിയാണ് കല്ലട്ടി ചുരം വഴിയുള്ള പാത.

ചുരത്തില്‍ വാഹനാപകടം ഒഴിവാക്കാന്‍ വനം, ഹൈവേ, പൊലീസ് വകുപ്പുകളുടെ സഹായത്തോടെ ജില്ലാഭരണസമിതി നടത്തിയ ശ്രമം ലക്ഷ്യം കാണാത്ത അവസ്ഥയാണുള്ളത്. 36 ഹയര്‍പിന്‍ വളവുകളോടെ ചെങ്കുത്തായി സ്ഥിതിചെയ്യുന്ന മലമ്പാതയില്‍ സുരക്ഷാമുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിക്കുന്നതാണ് അപകടകാരണം. അപകടത്തില്‍പ്പെടുന്നവയില്‍ 90 ശതമാനവും ചുരം ഇറങ്ങുന്ന വാഹനങ്ങളാണ്.

ഇവയില്‍ മിക്കവയും മലമ്പാതയില്‍ വാഹനം ഓടിച്ച് ഒട്ടും പരിചയമില്ലാത്തവരും. ചുരം ഇറങ്ങുന്ന വാഹനങ്ങള്‍ സെക്കന്റ് ഗിയറില്‍ ഇറങ്ങണമെന്ന് ഓരോ നൂറുമീറ്റര്‍ ഇടവിട്ട് തമിഴിലും ഇംഗ്ലീഷിലും എഴുതിവെച്ചിട്ടുണ്ട്. ഓരോ വളവിലും രണ്ടുവശങ്ങളിലും എതിരെവരുന്ന വാഹനം കാണുന്നതിന് വലിയ കണ്ണാടികളും സ്ഥാപിച്ചിട്ടുണ്ട്. അപകടങ്ങള്‍ കുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും ചുരത്തില്‍ അപകടം തുടര്‍ക്കഥയാകുന്നു.

ഏറെ വളവുകളുള്ള ചുരത്തില്‍ അപരിചിതരാണ് കൂടുതലായും അപകടത്തില്‍പ്പെടുന്നത്. കേരളം, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. അപകട മുന്നറിയിപ്പായ ഈ മേഖലയില്‍ പൊലീസ് നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അപകട മേഖലയാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കരുത്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കരുത്, വേഗത കുറക്കുക തുടങ്ങിയ കാര്യങ്ങളടങ്ങിയവ രേഖപ്പെടുത്തിയ ബോര്‍ഡുകളും ഇതില്‍ ഉള്‍പ്പെടും. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കല്ലട്ടി പാത വലിയ അപകട മേഖലയാണ്. രാത്രികാലങ്ങളില്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്.

SHARE