ധൈര്യമുള്ള ഒരേ ഒരാള്‍ “ഊപ്‌സ്….”; ഗഡ്കരിയെ ട്രോളി രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപിയില്‍ ധൈര്യമുള്ള ഒരേ ഒരാള്‍ ഗഡ്കരിയാണെന്ന രീതിയില്‍ ട്വീറ്റ് ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്രോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യംചെയ്യാന്‍ ഗഡ്കരിക്ക് ബിജെപിയില്‍ ധൈര്യമുള്ള ഒരേ ഒരാള്‍ ഗഡ്കരിയാണെന്ന രീതിയില്‍ മുണ്ടാവുമോ എന്ന് പരിഹസിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

മോദി സര്‍ക്കാരിനെതിരെ എന്ന് തോന്നിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഗഡ്കരിയുടെ ഭാഗത്തുനിന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗഡ്കരിയുടെ ധൈര്യത്തെ ചോദ്യം ചെയ്യുന്ന ട്വീറ്റുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.

ഗഡ്കരി ജി നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ബിജെപിയില്‍ ധൈര്യമുള്ള ഒരേ ഒരാള്‍ നിങ്ങളാണ്. റഫാല്‍ ഇടപാട്, കര്‍ഷക പ്രശ്നം, ഭരണഘടനാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയേക്കുറിച്ചുകൂടി താങ്കള്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

എന്നാല്‍ മോദി സര്‍ക്കാറിലെ ദേശീയ പൊതുമരാമത്ത് മന്ത്രികൂടിയായ ഗഡ്കരിയെ തികച്ചും ട്രോളുന്ന രീതിയില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാമത്തെ ട്വീറ്റും ഉടനടി വന്നു. ‘ക്ഷമിക്കണം ഗഡ്കരി ജി, പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ വിട്ടുപോയി..ഊപ്‌സ്… അതായത് തൊഴില്‍ തൊഴില്‍ തൊഴില്‍…’ രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പ്രധാനപ്പെട്ട എല്ലാ തൊഴില്‍ മേഖലകളും കയ്യാളുന്ന ഗഡ്കരിയുടെ ഭരണ പരാജയവും തുറന്നുകാട്ടുന്നതായിരുന്നു രാഹുലിന്റെ ട്വീറ്റ്.

അതേസമയം കഴിഞ്ഞ ദിവസം സ്വന്തം വീട് നോക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് രാജ്യത്തെ സംരക്ഷിക്കാന്‍ സാധിക്കില്ല എന്ന് ഗഡ്കരി പരാമര്‍ശിച്ചിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ വെച്ചാണ് ഗഡ്കരി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നം വെച്ചുള്ളതാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശം.

റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയും ഗഡ്കരിയും കാര്യമായ സംസാരം നടത്തുന്നത് ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗഡ്കരിയുടെ പല പരാമര്‍ശങ്ങളും വാര്‍ത്തകളാകുകയും ചെയ്തിരുന്നു.