‘ലൈംഗിക ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കും’; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിയും ലൈംഗീകതയും തന്റെ ബലഹീനതയല്ലെന്നും സരിത ഉന്നയിച്ചിട്ടുള്ള ലൈംഗിക ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേസെടുക്കുന്നത് വെറും ഒരു കത്തിന്റെ പേരിലാണ്. കത്തിന്റെ വിശ്വാസ്യത എന്നും ചോദ്യം ചെയ്തിട്ടുണ്ട്. സരിതയുടെ കത്ത്മാത്രം റിപ്പോര്‍ട്ടില്‍ രണ്ടിടത്തുണ്ട്. കത്ത് കൃത്രിമമാണ്. ജയിലിലെ കത്ത് 21 പേജാണ്. എന്നാല്‍ കമ്മീഷന്‍ പരിഗണിച്ചത് 25 പേജുള്ള കത്താണ്. സോളാര്‍ റിപ്പോര്‍ട്ടല്ല, ഇത് സരിത റിപ്പോര്‍ട്ടാണ്. ഒരു ബുക്കില്‍ കമ്മീഷന്‍ ഒപ്പിടാത്തത് എന്തുകൊണ്ടാണ്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമുള്ള സര്‍ക്കാര്‍ നടപടി സുതാര്യമല്ല. മുഖ്യമന്ത്രി വൃത്തികെട്ട ധൃതി കാണിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. നിയമപരമായ അന്വേഷണത്തെ ഭയപ്പെടുന്നില്ല. താന്‍ കണ്ണാടിക്കൂട്ടില്‍ നില്‍ക്കുന്നയാളല്ലെന്നും ജനങ്ങളുടെ ഇടയില്‍ അമ്പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന തന്റെ സമീപനങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെ പോലെയൊരു നേതാവിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ലൈംഗികാരോപണത്തിന് തെളിവില്ല. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. ദുരുദ്ദേശപരവുമാണ്. രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.