ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ ഫലം കണ്ടു; കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: ആന്ധ്രയിലും ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ ഫലം കാണുന്നു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ എന്‍ കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആന്ധ്രാപ്രദേശില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്ന കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തുപകര്‍ന്ന് കിരണ്‍കുമാറിന്റെ മടങ്ങിവരവ്. അതേസമയം ആന്ധ്രാപ്രദേശില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ബി.ജെ.പിക്ക് അപ്രതീക്ഷിത അടിയാണിത്. ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടി വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാനുളള പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് നീക്കം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് കിരണ്‍കുമാര്‍ റെഡ്ഡിയുടെ കോണ്‍ഗ്രസിലേക്കുളള പുന:പ്രവേശനം ഔദ്യോഗികമായി അറിയിച്ചത്. ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കിരണ്‍ കുമാര്‍ റെഡ്ഡിയെ പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങളാണ്. കോണ്‍ഗ്രസിന്റെ ആന്ധ്രാ വിഭാഗം ജനറല്‍ സെക്രട്ടറിയായ ചുമതലയേറ്റ ശേഷം പാര്‍ട്ടിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാര്‍ട്ടി വിട്ട നേതാക്കളുമായി ചര്‍ച്ച നടത്തി തിരികെ കൊണ്ടുവരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയത് ഉമ്മന്‍ തന്നെയായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് മറ്റു ഇതര പാര്‍ട്ടികളുമായി സംഖ്യത്തിലേര്‍പ്പെടാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നുണ്ട്. പലരുമായും ചര്‍ച്ച നടത്തിയെന്നും മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആന്ധ്രാപ്രദേശ് വിഭജനത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് 2014ല്‍ മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി പാര്‍ട്ടി വിട്ടത്. ആന്ധ്രാ വിഭജനത്തിനെതിരെ നിയമസഭയിലും പുറത്തും അദ്ദേഹം കോണ്‍ഗ്രസിനെതിരെ പരസ്യമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പില്‍ ജെ.എസ്.പി എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

ആന്ധ്രാപ്രദേശില്‍ ചുമതലയേറ്റ ഉമ്മന്‍ചാണ്ടി കുറഞ്ഞ സമയം കൊണ്ട് തന്നെ ആന്ധ്രാ രാഷ്ട്രീയത്തില്‍ ശക്തി കേന്ദ്രമായി മാറിയിക്കുകയാണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ശക്തമായ മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് ആന്ധ്രയില്‍ നഷ്ടമായ സീറ്റുകള്‍ തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടിയെ ദേശീയ നേതൃത്വം ആന്ധ്രയിലെത്തിച്ചത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ശരിവെക്കും വിധമാണ് ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം.

SHARE