മുഖ്യമന്ത്രിയെ ലഭ്യമായില്ല; മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോഴിക്കോട്: കോയമ്പത്തൂരില്‍ അകപ്പെട്ട മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനിടെ കോയമ്പത്തൂരില്‍ കുടുങ്ങിയ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറോളം വരുന്ന ആരോഗ്യമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഉമ്മന്‍ ചാണ്ടി സഹായഹസ്തവുമായി എത്തിയത്.

സഹായം അഭ്യര്‍ത്ഥിച്ച് ഇവര്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ലഭ്യമായില്ലെന്നും ഇതിനിടെയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലഭിച്ചതും അദ്ദേഹം സഹായഹസ്തവുമായി എത്തിയതെന്നും മാതൃഭൂമി ഡോട്ട്‌കോം റിപ്പോര്‍ട്ടു ചെയ്തു.

കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ഒപ്റ്റോമെട്രി ട്രെയിനികളായി ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് താമസസ്ഥലത്ത് അകപ്പെട്ടു പോയത്. ഇവര്‍ ശ്രാവണംപ്പട്ടി എന്ന സ്ഥലത്താണ് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെയാണ് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നത്. എന്നാല്‍ മാര്‍ച്ച് 24 വരെ ആസ്പത്രി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല.

ഇതിനിടെ തമിഴ്നാട്ടില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇവര്‍ക്ക് താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങാനും സാധിക്കാത്ത നിലയായി. എന്നാല്‍ വാടകവീട്ടില്‍ ഇവര്‍ ശേഖരിച്ചുവെച്ച ഭക്ഷണസാധനങ്ങളും കയ്യിലെ പണവും തീര്‍ന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ സഹായം തേടി രംഗത്തിറങ്ങിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കാനായി കേരളത്തിലുള്ള രക്ഷിതാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഇതിനിടെ സഹായം അഭ്യര്‍ത്ഥിച്ചു വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം പലരെയും വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ലഭ്യമായില്ല. എന്നാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു ചാനലില്‍ ലൈവ് പരിപാടിയില്‍ വരുന്നുണ്ടെന്നറിഞ്ഞ വിദ്യാര്‍ത്ഥികള്‍ ആ നമ്പറിലേക്ക് വിളിക്കുകയായിരുന്നു.

തങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് ഇവര്‍ ആദ്യം ഉന്നയിച്ചത്. എന്നാല്‍ യാത്രയുമായി ബന്ധപ്പെട്ട ആ ആവശ്യം ഉമ്മന്‍ ചാണ്ടി ഉപദേശരൂപേണ നിരസിക്കുകയായിരുന്നുവെന്ന് ഫോണില്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളിലൊരാളായ മുഫീദ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ക്കശമാണെന്നും പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും ഉമ്മന്‍ ചാണ്ടി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

വാളയാറില്‍ എത്തിയാല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്നും അതിലും നല്ലത് നില്‍ക്കുന്ന സ്ഥലത്തു തന്നെ സുരക്ഷിതമായി കഴിയുകയാണെന്നും ഉമ്മന്‍ ചാണ്ടി വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി. ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പിന്നാലെ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആവശ്യസാധനങ്ങള്‍ വാളന്റിയര്‍മാര്‍ മുഖേന താമസസ്ഥലത്ത് എത്തിച്ചു നല്‍കിയതായി മുഫീദ പറഞ്ഞു. ഏപ്രില്‍ 15-നാണ് ഇനി ആസ്പത്രി തുറന്ന് പ്രവര്‍ത്തിക്കുക. അതുവരെ സുരക്ഷിതമായി താമസസ്ഥലത്തു തന്നെ കഴിയാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

SHARE