പൗരത്വ നിയമഭേദഗതി; അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒന്നിച്ചുനില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരേ യോജിച്ച പ്രക്ഷോഭമാണ് വേണ്ടതെന്നും കേരളം നടത്തിയ പ്രക്ഷോഭം രാജ്യത്തിനു നല്‍കിയ ഏറ്റവും നല്ല സന്ദേശമായിരുന്നെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഓരോ സാഹചര്യങ്ങളാണ് പുതിയ തീരുമാനങ്ങളുണ്ടാക്കുന്നത്. ഇന്നത്തെ വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിച്ചുള്ള പ്രക്ഷോഭങ്ങളാണ് വേണ്ടത്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ പാര്‍ട്ടികള്‍ അത്തരത്തിലുള്ള പോരാട്ടമാണ് നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംയുക്തപ്രക്ഷോഭത്തെ 1967ലെ പ്രക്ഷോഭവുമായി താരതമ്യം ചെയ്ത അദ്ദേഹം അഭിപ്രായവ്യത്യാസങ്ങള്‍ പലതുമുണ്ടാകാം എന്നാലിത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും വ്യക്തമാക്കി. ഈ സമയത്ത് എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് എല്ലാവരും ഒന്നിച്ചുനില്‍ക്കണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഈ വിഷയത്തില്‍ രാഷ്ട്രപതിയെ കണ്ടത്. 52 വര്‍ഷത്തിനു ശേഷമാണ് കേരളം ഇത്തരത്തിലൊരു പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത്. 1967ല്‍ കേരളത്തിന് അരി ആവശ്യപ്പെട്ടുകൊണ്ട് എല്ലാ പാര്‍ട്ടികളും ഒന്നിച്ചു സമരംചെയ്തു. യോജിച്ച പ്രക്ഷോഭത്തിനുള്ള പ്രതിപക്ഷനേതാവിന്റെ തീരുമാനത്തോടു വ്യക്തിപരമായി യോജിക്കുന്നുവെന്നും ഇത് ഇവിടംകൊണ്ട് നിര്‍ത്താവുന്ന പ്രതിഷേധമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തി വെച്ചത് സ്വാഗതം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പൗരത്വ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ട് പോകണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്. ഭൂരിപക്ഷ സംസ്ഥാനങ്ങള്‍ ഒന്നിച്ചു നിന്നാല്‍ കേന്ദ്രത്തിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് അധികം പൊതു പരിപാടികളിലൊന്നും ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാറില്ല.

SHARE