‘ദേശാഭിമാനി’യുടെ അധിക്ഷേപത്തിന് 23ന് ജനം മറുപടി പറയും: ഉമ്മന്‍ചാണ്ടി

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയ എഡിറ്റോറിയലിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ബിജെപിയുടെ സംസ്‌കാരം കടമെടുത്താണ് ദേശാഭിമാനി രാഹുല്‍ഗാന്ധിയെ അപമാനിച്ചത്. അതിനുള്ള മറുപടി ഏപ്രില്‍ 23ന് ജനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്നതില്‍ എന്തിനാണ് ചിലര്‍ക്കിത്ര വിറളിയും രോഷമെന്നും മനസിലാവുന്നില്ല. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വയനാട്ടിലെ ജനം ഏറ്റെടുത്തു കഴിഞ്ഞു. ജനങ്ങളുടെ സ്ഥാനാര്‍ഥിയായി രാഹുല്‍ഗാന്ധി മാറുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍ കൂടി പ്രചാരണം നടത്തേണ്ടതിനാല്‍ കേരളത്തിലെ പ്രചാരണത്തിന് രാഹുല്‍ഗാന്ധിയോട് അധികം സമയം ചോദിക്കില്ലെന്നും പ്രചാരണ സമയക്രമം അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.