കേരളത്തില്‍ യു.ഡി.എഫ് തരംഗം: ഉമ്മന്‍ ചാണ്ടി

കോട്ടയം: കേരളത്തില്‍ യു.ഡി. എഫ്. ഇരുപതു സീറ്റിലും വിജയിക്കുന്ന സാഹചര്യമാണു നിലവിലുളളതെന്ന് എ.ഐ.സി. സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.
രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതു കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ തരംഗം ഉണ്ടാകുന്നതിനു കാരണമായി.കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരേയും ഈശ്വരവിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിച്ചതിനെതിരേയുമുളള ജനവിധിയാണ് ഇത്തവണ ഉണ്ടാകാന്‍ പോകുന്നത്.വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണങ്ങള്‍ വളരെ ഗൗരവമേറിയതാണ്. ഈ കാരണത്താലാണു ബാലറ്റിലൂടെ വോട്ടവകാശം വിനിയോഗിക്കുന്നതിനുളള സാഹചര്യം ഒരുക്കണമെന്നു ബി.ജെ.പി. ഒഴികെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പു കണ്ടതിനെപ്പറ്റി ഗൗരവപരമായ അന്വേഷണം നടത്തണമെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്തു പറഞ്ഞു. പുതുപ്പളളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണു നിലപാടു വ്യക്തമാക്കിയത്. ഭാര്യ മറിയാമ്മ ഉമ്മന്‍, മക്കളായ മറിയം ഉമ്മന്‍ ,അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കൊപ്പമാണ് ഉമ്മന്‍ ചാണ്ടി വോട്ടു ചെയ്യാനെത്തിയത്.

SHARE