ന്യൂഡല്‍ഹി: മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്യുന്ന ഫെബ്രുവരി 16ലെ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അടക്കം പ്രമുഖരെയാരേയും ക്ഷണിക്കാത്ത ചടങ്ങിലേക്കാണ് മോദിക്ക് ക്ഷണം ലഭിച്ചത്.
ഞായറാഴ്ച കാലത്ത് 10ന് രാംലീല മൈതാനിയിലാണ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. മന്ത്രിസഭയിലെ ഏഴ് അംഗ മന്ത്രിമാരുടെ സത്യപ്രതിജ്ഞയും കൂടെ നടക്കുമെന്നാണ് സൂചന. 70 അംഗ നിയസഭയില്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പാര്‍ട്ടി എംഎല്‍എമാരോടും തങ്ങളുടെ മണ്ഡലങ്ങളില്‍ നിന്ന് ചടങ്ങിനായി വന്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി ആപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് രാഷ്ട്രീയക്കാരെയൊന്നും ക്ഷണിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്നും പൊതുജനങ്ങള്‍ക്ക് മാത്രമേ ക്ഷമുള്ളൂവെന്നാണ് ആം ആദ്മി ഡല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ഗോപാല്‍ റായ് അറിയിച്ചിരുന്നത്.
ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദിയെ ആം ആദ്മി പാര്‍ട്ടി ക്ഷണിച്ചത്.

അതേസമയം, ആം ആദ്മിയുടെ വന്‍ വിജയത്തോടെ ആഹ്ലാദപ്രകടനത്തില് താരമായ ‘കുഞ്ഞ് കെജ്രിവാള്’ ചടങ്ങിലേക്ക് പ്രത്യേക അതിഥിയായി ക്ഷണിച്ചതായാണ് വിവരം. കണ്ണടയും സ്വറ്ററും മഫ്ലറുമടക്കം കെജ്രിവാളിനെപ്പോലെ വസ്ത്രം ധരിച്ചെത്തിയ ഒരു വയസ്സുകാരനായ കുഞ്ഞ് കെജ്രിവാള് ‘മഫ്ലര്മാന്’ എന്ന പേരില്‍ പ്രശസ്തി നേടിയിരുന്നു. എന്നാല്‍ ക്ഷണംലഭിച്ച പ്രധാനമന്ത്രി മോദി ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.