ജി.എസ്.ടി; മോദി സര്‍ക്കാര്‍ നയത്തെ ആവോളം പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

ജി.എസ്.ടി: കേന്ദ്രത്തിന്റെ നികുതി നയം പാകിസ്താനും സുഡാനും തുല്യമെന്ന് രാഹുല്‍

ബംഗളൂരു: ജി.എസ്.ടി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരക്കിട്ട് കേന്ദ്രം നടപ്പിലാക്കിയ ജി.എസ്.ടി സമ്പ്രദായം പാകിസ്താനിലേയും സുഡാനിലേയും നികുതി സമ്പ്രദായത്തിന് തുല്യമാണെന്ന് രാഹുല്‍ പരിഹസിച്ചു. ലോകത്തെ ഏറ്റവും സങ്കീര്‍ണമായ നികുതി സമ്പ്രദായമാണ് കേന്ദ്രത്തിന്റേത്. ജി.എസ്.ടി എന്നത് ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് ആവര്‍ത്തിച്ച രാഹുല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗബ്ബര്‍ സിങ് ടാക്‌സ് മാറ്റി യഥാര്‍ത്ഥ ജി.എസ്.ടിയാക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിലവിലെ നികുതി സമ്പ്രദായം പരിശോധിച്ച് ജനങ്ങളെ ശിക്ഷിക്കാത്ത ലളിതമായതാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ മുഴുവന്‍ ബാങ്കിങ് സമ്പ്രദായവും, മുഴുവന്‍ സര്‍ക്കാര്‍ മെഷിനറിയും 10-20 വരെ വന്‍കിട വ്യവസായികളെ മാത്രം ശ്രദ്ധ ഊന്നിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

യുവജനങ്ങള്‍ക്കിടയില്‍ ഏതു സര്‍ക്കാറിനു വിശ്വാസമുണ്ടാക്കാനാവുക പുതിയ ജോലികള്‍ സൃഷ്ടിക്കുന്നതിലൂടെയാണെന്നും ഇക്കാര്യത്തില്‍ ചൈനയോടാണ് മത്സരിക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ ചെറുകിട, ഇടത്തരം സംരഭകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാവുമെന്നും രാഹുല്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുടെ ആവലാധികള്‍ മനസിലാക്കുന്നതിനും ഇത് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നതിനുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. 30 ജില്ലകള്‍ക്കും പ്രത്യേക പ്രകടന പത്രിക തയാറാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

പാര്‍ട്ടി കര്‍ണാടകക്കു വേണ്ടിയുള്ള പ്രകടന പത്രികയാണ് തയാറാക്കുന്നതെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയല്ലെന്നും വ്യവസായികളുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ പറഞ്ഞു.