നെഗറ്റീവ് ആയവരെ മാത്രമേ നാട്ടിലേക്ക് പോകാന്‍ അനുവദിക്കൂ; നിലപാട് വ്യക്തമാക്കി യു.എ.ഇ

ദുബൈ: ഇന്ത്യയിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ അവരെ പോകാന്‍ അനുവദിക്കൂ എന്നും യു.എ.ഇ. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂഡല്‍ഹിയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘വിമാനത്തില്‍ കയറി യു.എ.ഇ വിടുന്നതിന് മുമ്പ് ഓരോരുത്തരെയും പരിശോധനയ്ക്ക് വിധേയമാക്കും. ഫലം പോസിറ്റീവ് ആണെങ്കില്‍ സുഖപ്പെടുന്നതു വരെ അവര്‍ യു.എ.ഇയില്‍ തന്നെ തുടരണം. തുടര്‍ഫലങ്ങള്‍ നെഗറ്റീവായാല്‍ അവര്‍ക്ക് നാട്ടിലേക്ക് പോകാം’ – ബന്ന വ്യക്തമാക്കി.

സ്വന്തം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പോകുന്നതിനായി രണ്ട് ഉപാധികള്‍ ഉണ്ട്. ഒന്ന്, ഇവരുടെ കോവിഡ് ഫലം നെഗറ്റീവായിരിക്കണം. രണ്ടാമത്തേത് യാത്ര സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം. ഇന്ത്യയും യു.എ.ഇയും തമ്മില്‍ മഹത്തായ സൗഹൃദവും ഉഭയകക്ഷി ബന്ധവും കാത്തു സൂക്ഷിക്കുന്ന രാഷ്ട്രങ്ങളാണ്. തന്ത്രപരമായ പങ്കാളിത്തവുമുണ്ട്- ബന്ന കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ യു.എ.ഇ നടപടികള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ ഈ രാജ്യങ്ങളുമായി തൊഴില്‍ രംഗത്തുള്ള ധാരണാപത്രങ്ങള്‍ മരവിപ്പിക്കുക, ഭാവിയില്‍ ഇവിടങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികളാണ് യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം പരിശോധിച്ചുവരുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ, വിദേശത്തുള്ളവരെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ ഈ ഘട്ടത്തില്‍ ആകില്ല എന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.

SHARE