ഉള്ളിയുടെ വിലവര്‍ധന സംഘര്‍ഷം സൃഷ്ടിക്കുന്നു; ആക്രമണം ഭയന്ന് വില്‍പനക്കാരെത്തുന്നത് ഹെല്‍മറ്റ് ധരിച്ച്

പറ്റ്‌ന: കുടുംബ ബജറ്റ് താളം തെറ്റിച്ച് സവാള വില റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുമ്പോള്‍ ബിഹാറിലെ സഹകരണ സൊസൈറ്റിയില്‍ ഉള്ളി വില്‍ക്കുന്നവര്‍ ആള്‍ക്കൂട്ട ആക്രമണ ഭീഷണിയില്‍.
വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ ജനക്കൂട്ടം പ്രതികരിക്കാന്‍ തുടങ്ങിയതോടെ ഹെല്‍മറ്റ് ധരിച്ചാണ് സഹകരണ സംഘം ജീവനക്കാര്‍ ഉള്ളി വില്‍ക്കുന്നത്.
ചില്ലറ വിപണിയില്‍ 80-100 രൂപക്ക് സവാള വില്‍ക്കുമ്പോ ള്‍ സംസ്ഥാന സഹകരണ മാര്‍ക്കറ്റിങ് യൂണിയന്‍ ലിമിറ്റഡ് കിലോ ഗ്രാമിന് 35 രൂപ നിരക്കിലാണ് ഉള്ളി വില്‍ക്കുന്നത്.
ഉള്ളി വാങ്ങാനായി പുലര്‍ച്ചെ നാലു മണി മുതല്‍ സഹകരണ മാര്‍ക്കറ്റിങ് യൂണിയന്‍ വാഹനങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ ക്യൂ നില്‍ക്കുകയാണ്. തങ്ങള്‍ക്ക് ജനക്കൂട്ട ആക്രമണ ഭീതി ഉണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടും ലഭിച്ചില്ലെന്നും ജീവനക്കാരനായ രോഹിത് കുമാര്‍ പറയുന്നു. കഴിഞ്ഞ ദിവസം അരേയില്‍ വില്‍പനക്കിടെ ജനക്കൂട്ടം കല്ലേറ് നടത്തിയതായും രോഹിത് പറഞ്ഞു. ഉള്ളിവില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാറുകള്‍ യാതൊന്നും ചെയ്യുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

SHARE