രാജ്യത്ത് ഉള്ളിയുടെ വില റെക്കോര്‍ഡിലേക്ക് കടക്കുമ്പോഴും അസാധാരണ പ്രതികരണവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്. വിലക്കയറ്റത്തെ സംബന്ധിച്ച് പാര്‍ലമെന്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം സഭയിലെ മറ്റംഗങ്ങളില്‍ ചിരി പടര്‍ത്തി. രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ ധനമന്ത്രി വിശദീകരിക്കവേയാണ് ഈ പരാമര്‍ശമുണ്ടായത്.
ഉള്ളിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഉള്ളിയുടെ വില 110 മുതല്‍ 160 രൂപ വരെയാണ്.