ഉള്ളി വില 200 കടന്ന് കുതിക്കുന്നു

കോഴിക്കോട്: രാജ്യത്ത് ഉള്ളിവില സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. ചെന്നൈ, ബെംഗളൂരു അടക്കമുള്ള തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ ചെറിയുള്ളി 220 രൂപയും വലിയുള്ളിക്ക് 200 രൂപയമാണ് വില. വരും ദിവസങ്ങളില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒന്നര മാസം മുമ്പ് 40 രൂപയായിരുന്നു കിലോ ഉള്ളിയുടെ വില. 150 രൂപക്ക് മുകളിലാണ് ഇക്കാലയളവിലുണ്ടായ വില വര്‍ധന.

വില പിടിച്ചാല്‍ കിട്ടാതായതോടെ പല ഹോട്ടലുകളും തല്‍ക്കാലത്തേക്ക് ഉള്ളി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. ബിരിയാണിക്കൊപ്പം ഒന്നു ദഹിക്കാനെന്നോണം വലിയ ഉള്ളിയുടെ കഷണം മുറിച്ചിടുന്നതു പതിവായിരുന്നു. ഇപ്പോള്‍ ഇതു കാണാനേയില്ല. ചിലര്‍ വെള്ളരിക്കഷണം കൊടുക്കുന്നുണ്ട്. പലേടത്തും സാലഡില്‍നിന്ന് ഉള്ളി അപ്രത്യക്ഷമായിട്ടുണ്ട്. ചായക്കടകളില്‍ സുലഭമായിരുന്ന ഉള്ളിവടയും ഒളിവില്‍ പോയിട്ടുണ്ട്. കുത്ത് പൊറോട്ട, ഓംലറ്റ് എന്നിവയാണു ബാധിക്കപ്പെട്ട മറ്റു ഭക്ഷണ പദാര്‍ഥങ്ങള്‍. ചില കടകള്‍ തല്‍ക്കാലത്തേക്ക് ഇവ നിര്‍ത്തിവച്ചിരിക്കുകയാണ്.

SHARE