അതിര്‍ത്തിയില്‍ അക്രമണം സ്ത്രീ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വ്യത്യസ്ഥ ആക്രമണങ്ങളില്‍ സ്ത്രീ കൊല്ലപ്പെട്ടു. സൈനികര്‍ക്കും പരിക്ക്. നിയന്ത്രണം ലംഘിച്ച് പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ ക്യാമ്പുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്നലെയാണ് ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ പാക് സൈന്യവും തീവ്രവാദികളും അക്രമം അഴിച്ചു വിട്ടത്. പൂഞ്ചിലെ മെനന്ദറില്‍ പാകിസ്താന്‍ നടത്തിയ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ നടന്ന ആക്രമണത്തില്‍ റാഖിയ (45) എന്ന സ്ത്രീയാണ് മരിച്ചതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. പുലര്‍ച്ചെ 5.20നായിരുന്നു ആക്രമണം. അതിര്‍ത്തിയില്‍ നിന്നും തൊടുത്തുവിട്ട ഷെല്ലുകള്‍ റാഖിയയുെട വീടിനു മേല്‍ പതിക്കുകയായിരുന്നു. 6.45 ഓടെയാണ് പാക് സൈന്യം ആക്രമണം നിര്‍ത്തിയത്. ആക്രമണങ്ങളെ തുടര്‍ന്ന് അതിര്‍ത്തിയിലും ബന്ധപ്പെട്ട പ്രദേശങ്ങളിലും സുരക്ഷാ സൈന്യവും പൊലീസും സുരക്ഷ ശക്തമായി. കഴിഞ്ഞ ദിവസവും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

SHARE