സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി (73)യാണ് മരിച്ചത്. മുംബൈയില്‍ നിന്ന് കേരളത്തിലേക്കെത്തിയ ഖദീജക്കുട്ടിയെ മെയ് 20ന് പുലര്‍ച്ചെ ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ ഔദ്യോഗിക എണ്ണം നാലായി. തൃശ്ശൂര്‍ ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഇത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കാറില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വാഹനത്തിലാണ് ഇവര്‍ എത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹവും, രക്താതിസമ്മര്‍ദ്ദവും, ശ്വാസ തടസ്സവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയില്‍ നിന്നും കോവിഡ് പരിശോധനക്കുള്ള സ്രവങ്ങള്‍ സ്വീകരിക്കുകയും അത് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഫലം പോസിറ്റിവ് ആയതിനെ തുടര്‍ന്ന് മകനും വാഹന ഡ്രൈവറും ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്