ആരാധകരോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍

ആരാധകരോട് മാപ്പ് ചോദിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രതിമാസ ബ്ലോഗ് ഇത്തവണയും എഴുതാന്‍ സാധിക്കാതെ വന്നതിലാണ് താരം ആരാധരോട് മാപ്പ് അറിയിച്ചിരിക്കുന്നത്.

എന്റെ പ്രിയ സുഹൃത്തുക്കളെ,

”സിനിമാ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണയും എന്റെ ചിന്തകള്‍ എഴുതാന്‍ പറ്റിയ സ്ഥലമോ സമയമോ കിട്ടാതെ പോയതില്‍ നിങ്ങളോട് ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും വിലകല്‍പ്പിക്കുന്നതിനൊപ്പം എന്റെ അവസ്ഥ നിങ്ങള്‍ മനസിലാക്കുമെന്നും പ്രതീക്ഷിക്കുന്നു. അടുത്ത മാസം എഴുതാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.”

മോഹന്‍ലാലിന്റെ ബ്ലോഗ് എല്ലാ മാസത്തെയും 21 ആം തീയതിയിലാണ് വരാറുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ലാല്‍ ബ്ലോഗ് എഴുതുന്നില്ല. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ സംഭവവികാസങ്ങളില്‍ ലാലിന്റെ മൗനം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കേസിലെ ദിലീപ് അറസ്റ്റും അമ്മയുടെ നിലപാടും സംബന്ധിച്ച കാര്യങ്ങളിലും ബ്ലോഗ് വഴി ലാല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇത്തവണ ബ്ലോഗിലൂടെയെങ്കിലും ഒരു പ്രതികരണം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

അതേസമയം ഷൂട്ടിംഗ് തിരക്കുകളും മറ്റും കാരണമായാണ് എഴുതാന്‍ സാധിക്കാത്തതെന്നാണ് ലാലിന്റെ വിശദീകരണം. തനിക്ക് ബ്ലോഗ് എഴുതാന്‍ പറ്റിയില്ലെന്ന വിവരം താരം തന്റെ ബ്ലോഗിലൂടെയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയുമാണ് അറിയിച്ചത്. ഇംഗ്ലീഷിലാണ് ലാലിന്റെ കുറിപ്പ്.