സംസ്‌കൃതത്തിന്റെ പേരില്‍ വര്‍ഗീയത പരത്തുന്ന സെന്‍കുമാറിനറിയുമോ സംസ്‌കൃത അസോസിയേഷന്‍ ഉദ്ഘാടനം ചെയ്യുന്ന ഈ ഇസ്ലാമിക പണ്ഡിതനെ

തൃശ്ശൂര്‍: കേരളവര്‍മ കോളജില്‍ സംസ്‌കൃത വിഭാഗത്തിന്റെ അസോസിയേഷന്‍ ഉദ്ഘാടനം നടത്തി ഇസ്ലാമിക പണ്ഡിതനും തൃശൂര്‍ മസ്ജിദ് ഇമാമുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി. ഭാരതീയ ദര്‍ശനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രഭാഷണം വിദ്യാര്‍ത്ഥികള്‍ക്കും കോളജ് അധികൃതര്‍ക്കും വേറിട്ട അനുഭവമായി. വ്യത്യസ്തതകളിലും ബഹുസ്വരതകളിലുമാണ് ഭാരതീയ ദര്‍ശനമെന്ന് ഉദാഹരണസഹിതം വ്യക്തമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണത്തെ പുകഴ്ത്തിക്കൊണ്ട് കോളജ് അധ്യാപികയടക്കം രംഗത്തുവന്നിട്ടുണ്ട്.

ഇസ്ലാമിക പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമാണ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഇസ്ലാമിക വിദ്യാഭ്യാസത്തില്‍ ഫൈസി ബിരുദം കരസ്ഥമാക്കിയ അദ്ദേഹം അഭിഭാഷക ബിരുദധാരികൂടിയാണ്. സംസ്‌കൃത സാഹിത്യത്തിലും ബിരുദം നേടിയിട്ടുണ്ട്. മതപരമായും ഭാഷാപരമായും നിയമപരമായുമുള്ള അദ്ദേഹത്തിന്റെ അറിവനുഭവങ്ങള്‍ കേള്‍ക്കാന്‍ നിരവധി പേരാണ് അദ്ദേഹമുള്ള സദസ്സുകളില്‍ ഒരുമിച്ചു കൂടാറുള്ളത്.

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളിലേക്കുള്ള അധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനം വര്‍ഗീയവത്കരിച്ച് കഴിഞ്ഞ ദിവസം മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘അറബി പഠിച്ചാലേ അമ്പലത്തില്‍ ഇനി ജോലി കിട്ടൂ, സംസ്‌കൃതം പഠിക്കാന്‍ പാടില്ല’ എന്നായിരുന്നു സെന്‍കുമാറിന്റെ കുറിപ്പ്. അറബിയിലും സംസ്‌കൃതത്തിലും അഗാധ പാണ്ഡിത്യമുള്ള ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ പ്രഭാഷണം സെന്‍കുമാറിനു കിട്ടിയ അടിയാണെന്നാണ് സാമൂഹിക മാധ്യമത്തിലെ പരിഹാസം.