റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിക്ക് ആമസോണ്‍ വഴി അസല്‍ സമ്മാനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശ്ക്തമായ ജനകീയ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വന്നെത്തിയ രാജ്യത്തിന്റെ എഴുപത്തിയൊന്നാം റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി ന നരേന്ദ്രമോദിക്ക് അസല്‍ സമ്മാനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി.
സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെയുയരുന്ന പ്രതിഷേധങ്ങളിലും ചര്‍ച്ചകളിലും പ്രധാന വിഷയമാകുന്ന ഭരണഘടന തന്നെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപബ്ലിക് ദിനത്തില്‍ സമ്മാനമായി അയച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടായ ആമസോണ്‍ വഴിയാണ് കോണ്‍ഗ്രസ് മോദിക്ക് സമ്മാനം അയച്ചിരിക്കുന്നത്. ഭരണഘടനയുടെ കോപ്പി ഡല്‍ഹിയിലെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റിന്റെ ഇ ബ്ലോക്കിലേക്ക് ഓര്‍ഡര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും കൂടെ സന്ദേശവും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, രാജ്യത്തിന്റെ ഭരണഘടന ഉടന്‍ നിങ്ങളിലെത്തും. രാജ്യം വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടുകയാണെങ്കില്‍ അതൊന്ന് വായിച്ചു നോക്കണം.’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

കൂടാതെ ഭരണഘടനയുടെ 14ാം ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടെ മോദി ഭരണകൂടം ലംഘിക്കുന്ന പ്രധാന വകുപ്പുകളും കോണ്‍ഗ്രസ് ട്വീറ്റ്‌ചെയ്തിട്ടുണ്ട്.
‘ഭരണഘടനയുടെ 14ാം ആര്‍ട്ടിക്കിള്‍ എല്ലാവര്‍ക്കും ലിംഗ, മത, ജാതിക്കപ്പുറം തുല്യ നീതി ഉറപ്പാക്കുന്നതാണെന്ന് മനസിലാക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടതായും പൗരത്വ ഭേദഗതി നിയമത്തിലൂടെ ഈ അവകാശമാണ് കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചതെന്നും’ ട്വീറ്റില്‍ കോണ്‍ഗ്രസ് ആരോപിച്ചു.

ഏതൊരു തരത്തിലുള്ള വിവേചനത്തില്‍ നിന്നും എല്ലാ വ്യക്തികളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതാണെന്ന കാര്യം നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുണ്ടെന്ന് ഓര്‍മിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അതിനാല്‍, വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ തയ്യാറാക്കുന്ന ഏതു ശ്രമവും ആര്‍ട്ടികില്‍ 15 വെച്ച് ഭരണഘടനാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു.

ഭരണഘടനയുടെ ആര്‍ട്ടികില്‍ 19 അനുശാസിക്കുന്ന ആഭിപ്രായ സ്വാതന്ത്ര്യം വെച്ച്, സമാധാനപരമായ പ്രതിഷേധത്തിനെതിരായ നടക്കുന്ന അക്രമാസക്തമായ അടിച്ചമര്‍ത്തലും പത്രമാധ്യമങ്ങളുടെ കൃത്രിമത്വവും അവിടെ നടക്കുന്ന ആസൂത്രിതമായ തകര്‍ച്ചയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജനാധിപത്യവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നതും തടങ്കലില്‍ വയ്ക്കുന്നതും എല്ലാം ബിജെപിയുടെ ഭരണഘടനാ വിരുദ്ധ പെരുമാറ്റത്തിന്റെ ലക്ഷണമാണെന്നും കോണ്‍ഗ്രസ് ട്വീറ്റില്‍ വ്യക്തമാക്കി.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തിനു പുറത്തും ശക്തമാവുകയാണ്. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ റജിസ്റ്റര്‍ എന്നിവയില്‍ പ്രതിഷേധിച്ച് യൂറോപ്പിലും ആസ്‌ത്രേലിയയിലും അമേരിക്കയിലും ശക്തമായ പ്രകടനം നടന്നത്. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷം ഇന്ത്യയ്ക്ക് അകത്ത് ബിജെപി ഭരണകൂടത്തിനെതിരെയുള്ള താക്കീതായി.