കോവിഡ് പോരാട്ടത്തില്‍ ഒരു ദിനം പോലും അവധിയെടുത്തില്ല; ഒടുവില്‍ ഡോ. ജാവേദ് അലി മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ ഒരു ദിനം പോലും അവധിയെടുക്കാതെ പോരാടിയ ഡോക്ടര്‍ ജാവേദ് അലി (42) ഒടുവില്‍ മരണത്തിന് കീഴടങ്ങി. മൂന്നാഴ്ചയോളം വൈറസിനോട് പൊരുതി നിന്നാണ് ഡല്‍ഹി നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഡോക്ടര്‍ യാത്രയായത്. എയിംസില്‍ തിങ്കളാഴ്ച രാവിലെ 8.40നായിരുന്നു അന്ത്യം.

ജൂണ്‍ 24നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പത്തുദിവസമായി വെന്റിലേറ്ററിലായിരുന്നു. ഭാര്യയും ആറുവയസുള്ള മകനും 12 വയസുള്ള മകളുമുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ ഹീന കൗസറും ഡോക്ടറാണ്.

‘ ഒരു ദിവസം പോലും അദ്ദേഹം അവധിയെടുത്തിട്ടില്ല. ഈദ് ദിനത്തില്‍ പോലും അദ്ദേഹം ജോലി ചെയ്തു. അവസാന വേളയില്‍ ഒരു നോക്ക് കാണാന്‍ കൂടി എനിക്കും മകള്‍ക്കും പറ്റിയില്ല. മകന് മരണം എന്താണ് എന്ത് മനസ്സിലായിട്ടു പോലുമില്ല. എന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’ – ഹീന പറഞ്ഞു.

യു.പിയിലെ ചന്ദൗസി സ്വദേശിയാണ് ഡോ. അലി. 2011ലാണ് നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവേശിച്ചത്. ഡോ.അലിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അന്തിമോപചാരമര്‍പ്പിച്ചു. കണ്ണീരോടെ ഡോക്ടര്‍ക്ക് വിട നല്‍കുന്നതായി ഹര്‍ഷ് വര്‍ദ്ധന്‍ ട്വിറ്ററില്‍ കുറിച്ചു.

SHARE