ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കള്ളപ്പണമാണോ, അനധികൃത സാമ്പത്തിക ഇടപാടാണോ എന്ന് പറയാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ബാങ്കിലെ എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ ഈ സാമ്പത്തിക വാര്‍ഷാവസാനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തില്‍ 50 ശതമാനം വര്‍ധനയുണ്ടാെയന്ന് സെന്‍ട്രല്‍ യുറോപ്യന്‍ നാഷന്‍ കണക്കുകള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പുതിയ പ്രസ്താവന. എന്നാല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ കള്ളപ്പണം വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

അതേസമയം സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 7,000 കോടി രൂപയായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിദേശത്തെ കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം എല്ലാ അക്കൗണ്ടുകളിലും എത്തിക്കുമെന്ന് അന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കള്ളപ്പണമില്ലെന്ന് പറയുന്നു എന്നായിരുന്നു രാഹുലിന്റെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം.
2014, HE said: I will bring back all the “BLACK” money in Swiss Banks & put 15 Lakhs in each Indian bank A/C.
2016, HE said: Demonetisation will cure India of “BLACK” money.
2018, HE says: 50% jump in Swiss Bank deposits by Indians, is “WHITE” money. No “BLACK” in Swiss Banks! pic.twitter.com/7AIgT529ST
— Rahul Gandhi (@RahulGandhi) June 29, 2018
വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നു പറഞ്ഞവര്‍ ഇന്ന് പറയുന്നത്് സ്വിസ് ബാങ്കില്‍ കള്ളപ്പണമില്ലെന്നാണ് എല്ലാം വെള്ളപ്പണമായെന്ന് രാഹുല്‍ കുറിച്ചു.
2014ല്‍ അദ്ദേഹം പറഞ്ഞു, സ്വിസ് ബാങ്കുകളിലെ കള്ളപ്പണമെല്ലാം ഞാന്‍ തിരിച്ചുകൊണ്ടുവരും, ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കും. 2016ല്‍ അദ്ദേഹം പറഞ്ഞു, കള്ളപ്പണം നോട്ട് നിരോധനംകൊണ്ട് അവസാനിപ്പിക്കും. 2018ല്‍ അദ്ദേഹം പറഞ്ഞു, സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടേതായി വര്‍ധിച്ച 50 ശതമാനം നിക്ഷേപം കള്ളപ്പണമല്ല, സ്വിസ് ബാങ്കില്‍ കള്ളപ്പണമേയില്ല. ഇനി വാചോടാപം 2019ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. രാഹുല്‍ ട്വീറ്റ് ചെയ്തു.
സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം മൂന്നു വര്‍ഷം കുറഞ്ഞതിന് ശേഷം 2017ല്‍ 50 ശതമാനത്തിലധികം ഉയര്‍ന്നതായി കഴിഞ്ഞ ദിവസം പുറത്തു വന്ന രേഖകളിലാണ് വ്യക്തമായത്. 2017ല്‍ സ്വിസ് ബാങ്കില്‍ 7000 കോടി രൂപയാണ് ഇന്ത്യക്കാര്‍ നിക്ഷേപിച്ചത്. ആഗോള തലത്തില്‍ സ്വിസ് ബാങ്ക് നിക്ഷേപം മൂന്ന് ശതമാനം ഉയര്‍ന്ന് 100 ലക്ഷം കോടിയായി ഉയര്‍ന്നതായാണ് സ്വിസ് നാഷണല്‍ ബാങ്ക് (എസ്.എന്‍.ബി) രേഖകള്‍ പറയുന്നത്. കള്ളപ്പണ നിക്ഷേപം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കുകയും കള്ളപ്പണം പിടികൂടാനെന്ന് അവകാശപ്പെട്ട് നോട്ട് അസാധുവാക്കലടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്ത മോദി സര്‍ക്കാറിന് വന്‍ തിരിച്ചടിയാണ് സ്വിസ് ബാങ്ക് അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കുകള്‍.