താങ്കള്‍ സി.പി.എമ്മിന്റെ മുഖ്യമന്ത്രിയല്ല; കേരളത്തിന്റെ മുഖ്യമന്ത്രിയാണ്: പിണറായിയോട് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാഹിയില്‍ കൊല്ലപ്പെട്ട ബാബുവിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി വരാപ്പുഴയില്‍ പൊലീസുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് തെറ്റാണ്. പിണറായി സി.പി.എമ്മുകാരുടെ മുഖ്യമന്ത്രിയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

എടപ്പാളിലെ തിയേറ്ററില്‍ പത്ത് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന പൊലീസിന്റെ നടപടിയേയും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാഹിയില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച പിണറായി സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഷമേജിന്റെ വീട് സന്ദര്‍ശിക്കാത്തതിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. വരാപ്പുഴയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട് ഒരു മാസമായിട്ടും പിണറായി അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ശ്രീജിത്തിന്റെ വീടിന് ഏതാനും കിലോ മീറ്റര്‍ മാത്രം അകലെ ലുലു മാള്‍ ഉദ്ഘാടനത്തിന് എത്തിയിട്ടും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്ന പിണറായിയുടെ നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

SHARE