കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് ജന്മനാട്ടില്‍ അന്ത്യവിശ്രമമൊരുക്കി ഓമശ്ശേരിക്കാര്‍

ഓമശ്ശേരി: കോവിഡ് ബാധിച്ച് മരിച്ച നാട്ടുകാരന് ജന്മനാട്ടില്‍ അന്ത്യവിശ്രമമൊരുക്കി മാനവികതിയുടെ നല്ലപാഠങ്ങള്‍ പഠിപ്പിക്കുകയാണ് ഓമശ്ശേരിക്കാര്‍. ഇതിലെന്താണ് ഇത്ര അതിശയമെന്നായിരിക്കും ചിലപ്പോള്‍ സംശയം. കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ അടക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ബിജെപി നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയ ദിവസം തന്നെയാണ് ഓമശ്ശേരിക്കാര്‍ തങ്ങളുടെ സഹോദരന്‍ മരണശേഷവും താന്‍ പിറന്നുവീണ മണ്ണില്‍ തന്നെ വേണമെന്ന് തീരുമാനിച്ചത്. കോവിഡ് ബാധിച്ചു മരിച്ചവരില്‍ ഭൂരിഭാഗം പേരെയും പൊതുശ്മശാനങ്ങളാണ് അടക്കം ചെയ്തത്. ഇതിനിടയിലാണ് ഓമശ്ശേരിക്കാര്‍ തങ്ങളുടെ നാട്ടുകാരന് ജന്മനാട്ടില്‍ തന്നെ ഖബറൊരുക്കാന്‍ തയ്യാറായി ധൈര്യപൂര്‍വ്വം രംഗത്ത് വന്നത്.

നാട്ടുകാര്‍ സ്‌നേഹത്തോടെ ചെറുത് ഇക്കായി എന്ന് വിളിക്കുന്ന ഓമശ്ശേരി മേലാനിക്കുന്നത്ത് എം.കെ.സി മുഹമ്മദ് ഞായറാഴ്ചയാണ് കോവിഡ് ബാധിച്ചു മരിച്ചത്. മുഹമ്മദിന് നാട്ടിലെ ഖബര്‍സ്ഥാനില്‍ തന്നെ അന്ത്യവിശ്രമമൊരുക്കാന്‍ തയ്യാറാണെന്നറിയിച്ച് നാട്ടുകാര്‍ ജില്ലാ അധികൃതരെ സമീപിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഓമശ്ശേരി ചോലക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മറവ് ചെയ്തത്. വിവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്ന മുഹമ്മദ് രണ്ടാഴ്ച മുമ്പാണ് വീണ് കാലിന് ഗുരുതര പരുക്ക് പറ്റിയത്. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ വച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം രോഗം വീണ്ടും മൂര്‍ച്ഛിച്ചതോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെയാണ് കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായി മരണപ്പെടുന്നത്.

ഓമശ്ശേരി ടൗണിലെ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദിന്റെ വിയോഗം നാടിന് തീരാ നഷ്ടമാണുണ്ടാക്കിയത്. രോഗബാധിതനായതോടെയാണ് രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത്. യൂത്ത്ലീഗ്, എസ്.ടി.യു, മുസ്ലിം ലീഗ് എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടൗണില്‍ ടാക്സി തൊഴിലാളിയായും വ്യാപാരി എന്ന നിലയിലും സേവനം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സൗമ്യ സ്വഭാവക്കരനായ എം.കെ.സി മുഹമ്മദിന്റെ വിയോഗം പ്രസ്ഥാനത്തിനും ഓമശ്ശേരിക്കാര്‍ക്കും തീരാ നഷ്ടമാണുണ്ടാക്കിയത്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് എം.കെ.സി മുഹമ്മദിന്റെ മയ്യിത്തും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ഓമശ്ശേരിയിലെത്തുന്നത്. ഓമശ്ശേരി ടൗണില്‍ കണ്ടെയിന്‍മെന്റ് സോണിന്റെ ഭാഗമായി കടകളടഞ്ഞും നിരത്തുകള്‍ ഒഴിഞ്ഞും കിടന്നത് യാദൃശ്ചികമാണെങ്കിലും അദ്ദേഹത്തോടുള്ള ആദരസൂചകമായി മാറി.

രാവിലെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഖബര്‍സ്ഥാനില്‍ പരിശോധന നടത്തിയ ശേഷമാണ് മയ്യിത്ത് ഖബറടക്കാന്‍ അനുമതി ലഭിച്ചത്. ഡോ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനുമതി നല്‍കിയത്. തുടര്‍ന്ന് ഹിറ്റാച്ചി ഉപയോഗിച്ച് ആഴമുള്ള ഖബര്‍ ഒരുക്കുകയും ചെയ്തു. എം.കെ.സി മുഹമ്മദിന്റെ മക്കളായ ജംഷീറും നിസാറും ഖബര്‍സ്ഥാനില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു മെഡിക്കല്‍ കോളജില്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിരുന്നത്. ചോലക്കല്‍ മഹല്ല് ഭാരവാഹികളായ ഇബ്രാഹിം മുസ്ലിയാര്‍, പി.വി അബ്ദുറഹിമാന്‍ മാസ്റ്റര്‍, സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, കെ.കെ ഉണ്ണിമോയി, എം.ടി അഷ്റഫ്, എം.കെ സലാം, എ.കെ ഇബ്രാഹിം, എന്‍.വി ഉമ്മര്‍, ഒ അബു മുസ്ലിയാര്‍ തുടങ്ങിയവരും ഖബറടക്കത്തിന് ആവശ്യമായ നടപടികള്‍ക്ക് നേതൃത്വം നല്‍കി. നിരവധി സന്നദ്ധ പ്രവര്‍ത്തകരും ഖബറടക്കത്തിന്റെ ഒരുക്കങ്ങള്‍ക്കായി മുന്‍പന്തിയിലുണ്ടായിരുന്നു.

SHARE