സ്വദേശിവത്കരണം ശക്തമായി നടപ്പാക്കാനൊരുങ്ങി ഒമാന്‍ ഭരണകൂടം

മസ്‌ക്കറ്റ്: സ്വദേശിവത്കരണം ശക്തമായി നടപ്പിലാക്കാനൊരുങ്ങി ഒമാന്‍ ഭരണകൂടം. വിനോദ സഞ്ചാരം , വ്യവസായം , ചരക്കുനീക്കം എന്നീ മേഖലകളില്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാക്കേണ്ട സ്വദേശിവത്കരണ തോത് മന്ത്രാലയം പ്രഖ്യാപിച്ചു. തീരുമാനം മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവത്കരണം 44.1 ശതമാനമാക്കി ഉയര്‍ത്താനാണ് തീരുമാനം. ചരക്കു നീക്ക രംഗത്ത് 20 ശതമാനവും വ്യവസായ മേഖലയില്‍ 35 ശതമാനവും സ്വദേശിവത്കരണമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. വിനോദ സഞ്ചാര മേഖലയില്‍ 2018ല്‍ 42.2 ശതമാനം ആയിരുന്നു സ്വദേശിവത്കരണം.

2019 ഇല്‍ 43.1 ശതമാനം ആയി ഉയര്‍ത്തുകയും ചെയ്തു. 2020ല്‍ ഒരു ശതമാനത്തിന്റെ കൂടി വര്‍ദ്ധനവ് വരും. ചരക്കു നീക്ക മേഖലയില്‍ 2018 ല്‍ 16 ശതമാനമായിരുന്ന സ്വദേശിവത്കരണം 2019 ല്‍ 18 ശതമാനമായി ഉയര്‍ന്നു. രണ്ട് ശതമാനം വര്‍ദ്ധനവാണ് 2020ല്‍ നടപ്പാക്കാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. വ്യവസായ മേഖലയില്‍ നിലവില്‍ 34 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്.

കഴിഞ്ഞ വര്‍ഷം ഇത് 33 ശതമാനവും ആയിരുന്നു. മൂന്ന് മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനങ്ങളും കൂടാതെ കമ്പനികള്‍ക്ക് മറ്റു ഇളവുകളും നല്‍കി സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കും. സ്വദേശിവത്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണനയും ലഭിക്കും.

SHARE