ഗള്‍ഫ് മേഖലയില്‍ കോവിഡ് രൂക്ഷമായിരുന്ന ഒമാനില്‍ രോഗവ്യാപനം കുറയുന്നു. രോഗമുക്തി നിരക്ക് 87 ശതമാനമായി ഉയര്‍ന്നു. ഇതോടെ ആറ് ഗള്‍ഫ് രാജ്യങ്ങളിലും രോഗമുക്തി നിരക്ക് 85 ശതമാനത്തിലധികമായി. സൌദിഅറേബ്യയില്‍ ഇന്ന് 35 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3,055 ആയി.
മറ്റ് അഞ്ചു ഗള്‍ഫ് രാജ്യങ്ങളിലും ആശ്വാസവാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ഒമാനില്‍ രോഗവ്യാപനം തുടരുന്നതായിരുന്നു ആശങ്കപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് രണ്ടാം ഘട്ട ലോക്ഡൌണ് പ്രഖ്യാപിക്കുകയും ചെയ്തു. ലോക്ഡൌണ് അവസാനിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കെയാണ് പെരുന്നാള്‍ അവധിക്കുശേഷം പുതിയ കോവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. 427 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരായ 80,713 പേരില്‍ 87ശതമാനവും രോഗമുക്തരായി. 9,311 പേരാണിനി ചികില്‍സയിലുള്ളത്. നാല് പേര്‍കൂടി മരിച്ചതോടെ ആകെ മരണം 492 ആയി.
സൌദിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ 1,992 പേരടക്കം 34,082 പേരാണിനി ചികില്‍സയിലുള്ളത്. ഖത്തറില്‍ 97 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ ഖത്തറില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 88ശതമാനം രോഗമുക്തി നിരക്കുള്ള കുവൈത്തില്‍ 7,966 പേരും 93 ശതമാനം രോഗമുക്തി നിരക്കുള്ള ബഹ്റൈനില്‍ 2,782 പേരുമാണിനി ചികില്‍സയിലുള്ളത്. യുഎഇയില്‍ 50,729 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 90 ശതമാനം രോഗമുക്തി നിരക്കുള്ള യുഎഇയില്‍ 5,752 പേരാണ് ചികില്‍സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.