പടിക്ക് പുറത്ത്

 

ഒളിമ്പിക്‌സ് അടക്കമുള്ള വന്‍ കായിക മേളകളില്‍ മെഡല്‍ പ്രതീക്ഷയുള്ള താരങ്ങള്‍ക്ക് ലോക നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളടക്കം നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയം നടപ്പാക്കുന്ന ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം (ടോപ്) സ്‌കീമിലേക്ക് അര്‍ഹരായ കായിക താരങ്ങളെ പരിഗണിച്ചില്ലെന്ന ആരോപണം ശക്തമാവുന്നു. 2020 ടോക്കിയോ ഒളിമ്പിക്‌സ്, 2018ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നീ കായിക മേളകളില്‍ മെഡല്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്‌കീമില്‍ അത്‌ലറ്റിക്‌സില്‍ മികവുള്ള പല മലയാളി താരങ്ങളും തഴയപ്പെട്ടതായാണ് ആരോപണം. അത്‌ലറ്റിക്‌സ്, ആര്‍ച്ചറി, ബാഡ്മിന്റണ്‍, ബോക്‌സിങ്, ഷൂട്ടിങ്, വെയ്റ്റ്‌ലിഫ്റ്റിങ്, വുഷു, റെസ്ലിങ്, സൈക്ലിങ്, ജൂഡോ, ജിംനാസ്റ്റിക്‌സ്, ടെന്നീസ്, സ്‌ക്വാഷ് എന്നീ കായിക ഇനങ്ങളില്‍ നിന്നായി 152 താരങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. 19 അത്‌ലറ്റുകളാണ് പട്ടികയിലുള്ളത്. വി.നീന, പി.യു ചിത്ര, നയന ജെയിംസ്, കെ.ടി ഇര്‍ഫാന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മലയാളി അത്‌ലറ്റുകള്‍. അലീന റെജി, പി.സനുരാജ് (സൈക്ലിങ്), എച്ച്.എസ് പ്രണോയ് (ബാഡ്മിന്റണ്‍) എന്നിവരാണ് മറ്റു കായിക ഇനങ്ങളില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ മലയാളി താരങ്ങള്‍. സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലും പാരാ സ്‌പോര്‍ട്‌സില്‍ നിന്ന് 19 താരങ്ങളും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. അതേസമയം മികച്ച ഫോം തുടരുന്നു മലയാളി താരങ്ങള്‍ പലരും പട്ടികക്ക് പുറത്തായി. മുഹമ്മദ് അനസ്, അനു രാഘവന്‍, അനില്‍ഡ തോമസ്, ജാബിര്‍ തുടങ്ങിയ താരങ്ങളെല്ലാം പദ്ധതിയുടെ ആനുകൂല്യത്തില്‍ നിന്ന് പുറത്തായി. ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും മത്സരിച്ച അനസിന്റെ പേരിലാണ് 400 മീറ്ററില്‍ നിലവിലെ ദേശീയ റെക്കോഡുള്ളത്. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ രണ്ടു സ്വര്‍ണം നേടിയ അനസ് 400 മീറ്ററില്‍ 42 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം സമ്മാനിക്കുകയും ചെയ്തു. അനസ് ഇനിയും മെച്ചപ്പെടുമെന്ന് അടുത്തിടെ വിദേശ കോച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീ.ഹര്‍ഡില്‍സില്‍ വെള്ളി നേടിയ താരമാണ് അനു രാഘവന്‍. കഴിഞ്ഞ ഫെഡറേഷന്‍ കപ്പില്‍ 15 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡും അനു തകര്‍ത്തിരുന്നു. അടുത്തിടെ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവ് പ്രകടിപ്പിച്ചവരാണ് ജാബിറും അനില്‍ഡ തോമസും. ഈ താരങ്ങളെ ടോപ് സ്‌കീമില്‍ ഉള്‍പ്പെടുത്താത്തിന് ന്യായീകരണമില്ലെന്നും ഇവരെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കായിക താരങ്ങളും പരിശീലകരും ആവശ്യപ്പെടുന്നു. അഭിനവ് ബിന്ദ്ര ചെയര്‍മാനായ ഒളിമ്പിക്‌സ് ടാസ്‌ക് ഫോഴ്‌സാണ് സ്‌കീമിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുത്തത്. പി.ടി ഉഷ, അനില്‍ ഖന്ന, പ്രകാശ് പദുക്കോണ്‍, കര്‍ണം മല്ലേശ്വരി, തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍. സ്‌കീമില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ഈ മാസം മുതല്‍ തന്നെ 50,000 രൂപ വീതം പ്രതിമാസം സ്റ്റൈപന്‍ഡ് നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ടെന്നീസ് താരങ്ങളായ ലിയാന്‍ഡര്‍ പെയ്‌സ്, സാകേത് മൈനേനി എന്നിവര്‍ ടോപ് സ്‌കീമില്‍ ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പട്ടിക അന്തിമമല്ലെന്നും ഇനിയും കൂടുതല്‍ താരങ്ങള്‍ ആനുകൂല്യം നല്‍കുമെന്നാണ് കായിക മന്ത്രാലയത്തിന്റെ വിശദീകരണം.

SHARE