ബി.ജെ.പിയില്‍ ചേര്‍ന്ന് ആറാം ദിവസം രാജിക്കൊരുങ്ങി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്

ബിജെപിയില്‍ ചേര്‍ന്ന് ആറാം ദിവസം തന്നെ രാജിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊനീറുള്‍ ഇസ്ലാം. തന്റെ പാര്‍ട്ടിപ്രവേശത്തെ ബിജെപി നേതാക്കള്‍ തന്നെ എതിര്‍ത്ത പശ്ചാത്തലത്തിലാണ് രാജിവയ്ക്കാനുള്ള തീരുമാനം.

പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് മൊനീറുള്‍ ഇസ്ലാം. കഴിഞ്ഞയാഴ്ച്ചയാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍, മൊനീറുളിന്റെ പ്രവേശത്തോടെ ബിജെപി പശ്ചിമബംഗാള്‍ ഘടകത്തില്‍ ഭിന്നിപ്പുകളുണ്ടായതായാണ് റിപ്പോര്‍ട്ട്. മൊനീറുളിന്റെ ബിജെപി പ്രവേശം പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്.
തനിക്കെതിരെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് ബിജെപി അംഗത്വം രാജിവയ്ക്കാന്‍ മൊനീറുള്‍ തീരുമാനിച്ചത്.

രാജിവയ്ക്കാനുള്ള മൊനീറുളിന്റെ തീരുമാനം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ബിജെപി നേതാവ് മുകുള്‍ റോയ് അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ എങ്ങനെ തടയാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുസ് ലിം എംഎല്‍എ പാര്‍ട്ടിയില്‍ ചേരുന്നതിനെ ബിജെപി വലിയ പ്രാധാന്യത്തോടെയാണ് ഉയര്‍ത്തിക്കാട്ടിയിരുന്നത്.