‘പഴകിയ നോട്ട് മാറ്റാന്‍ എത്തുന്നവരെ ഇനി ബാങ്കുകള്‍ക്ക് തിരിച്ചയക്കാനാവില്ല’; റിസര്‍വ് ബാങ്കിന്റെ അറിയിപ്പ് ഇങ്ങനെ

കോഴിക്കോട്: ഇനി പഴകിയ നോട്ട് മാറ്റാനെത്തുന്നവരെ ബാങ്കുകള്‍ക്ക് തിരിച്ചയക്കാനാവില്ല. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും എല്ലാ ശാഖകളിലും ഉപയോഗശൂന്യമായ നോട്ടുകളും നാണയങ്ങളും മാറ്റിക്കൊടുക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.

ബാങ്കുകള്‍ എടുക്കുന്ന ഇത്തരം നോട്ടുകളും നാണയങ്ങളും കറന്‍സി ചെസ്റ്റില്‍ സൂക്ഷിക്കണമെന്നും ബാങ്കുകള്‍ നേരിട്ട് ആര്‍.ബി.ഐ. ഓഫീസിലേക്ക് എത്തിക്കണമെന്നുമാണ് നിര്‍ദേശം. രാജ്യത്ത് പ്രചാരത്തിലുള്ള എത്ര ചെറിയ മൂല്യമുള്ള രൂപയും നാണയങ്ങളും ബാങ്കുകള്‍ സ്വീകരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

ഈസൗകര്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കണമെന്നും ആര്‍.ബി.ഐ. അധികൃതര്‍ അറിയിച്ചു.20 നോട്ടുകള്‍ അഥവാ 5000 രൂപവരെ മൂല്യമുള്ള ഉപയോഗശൂന്യമായ നോട്ടുകള്‍ മാറ്റുന്നത് സൗജന്യമാണ്. എന്നാല്‍, ഇതില്‍ക്കൂടുതല്‍ എണ്ണമോ തുകയോ ഉണ്ടെങ്കില്‍ അവ മാറ്റുന്നതിന് ബാങ്കുകള്‍ പ്രത്യേകം നിരക്ക് ഈടാക്കും.മുമ്പ് ബാങ്കുകളുടെ പ്രധാന ശാഖകളില്‍നിന്നും കറന്‍സി ചെസ്റ്റ് ഉള്ള ശാഖകളില്‍നിന്നുമാണ് പഴകിയ നോട്ടുകള്‍ മാറ്റിനല്‍കിയിരുന്നത്. കേടായ നോട്ടുകളും നാണയങ്ങളും മാറ്റുന്നതിനായി ബാങ്കിന്റെ ചെറിയ ശാഖകളെ സമീപിച്ചാല്‍ മിക്കപ്പോഴും മടക്കുകയാണ് പതിവ്.

SHARE