കോണ്‍ഗ്രസിന് പിന്നാലെ ആദ്യ പട്ടിക പുറത്തിറക്കി ബിഎസ്പി-എസ്പി സഖ്യം; മുലായത്തിന് സീറ്റ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യം ആദ്യ പട്ടിക പുറത്തിറക്കി. ആറ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരുമായി സമാജ്വാദി പാര്‍ട്ടിയാണ് ആദ്യ പട്ടിക പുറത്തുവിട്ടത്. അതേസമയം എസ്പിയുടെ ആദ്യ പട്ടികയില്‍ തന്നെ പാര്‍ട്ടി സ്ഥാപകനായ മുലായം സിങ് യാദവ് ഇടംനേടി. 2014ല്‍ ജനവിധി തേടിയ മെയിന്‍പുരിയിലാണു മുലായം സിങ് മത്സരിക്കുക.

ബിഎസ്പിയുടെ മായാവതിയുമായി കൂട്ടുകൂടിയതിനെതിരേ മുലായം നേരത്തേ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് മകന്‍ അഖിലേഷ് യാദവിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തര്‍ക്കം തീര്‍ന്നെന്നാണ് ആദ്യ സ്ഥാനാര്‍ഥി പട്ടികയിലൂടെ വ്യക്തമാവുന്നത്.

2014ല്‍ മെയിന്‍പുരിയിലും അഅ്സംഗഢിലും മല്‍സരിച്ച മുലായം മെയിന്‍പുരി ഒഴിയുകയായിരുന്നു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പി നേതാവും യാദവ് കുടുംബാഗവുമായ തേജ് പ്രതാപ് സിങ് ജയിച്ചു. 1999, 2004, 2009 തിരഞ്ഞെടുപ്പിലും മെയിന്‍പുരിയില്‍ നിന്ന് മുലായമാണ് ജയിച്ചത്. അഅ്സംഗഢില്‍ 2014ല്‍ 3.64 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുലായം സിങ് ജയിച്ചത്.

എസ്പിയുടെ ആദ്യ പട്ടികയില്‍ ബദുവാനില്‍ ധര്‍മേന്ദ്ര യാദവ്, ഫിറോസാബാദില്‍ അക്ഷയ് യാദവ്, ഇറ്റാവയില്‍ കമലേഷ് കഠേരിയ, റോബേര്‍ട്ട് ഗഞ്ജില്‍ ഭായിലാല്‍ കോല്‍, ബഹറയ്ച്ചില്‍ സബ്ബിര്‍ വാല്‍മികി എന്നിവരും ഇടം നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റുകളില്‍ ബിഎസ്പി 38 സീറ്റുകളിലും എസ്പി 37 സീറ്റുകളിലും സഖ്യമായി മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.