അമേരിക്കയില്‍ എണ്ണ വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍; ക്രൂഡോയില്‍ വില ബാരലിന് പൂജ്യത്തിനും താഴെ


ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി അസംസ്‌കൃത എണ്ണ വില. യു.എസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിനും താഴെ -37.63 ഡോളറിലേക്കാണ് താഴ്ന്നത്. കോവിഡ് വൈറസ് മൂലം എണ്ണയുടെ ആവശ്യകത കുറഞ്ഞിരുന്നു. അതേസമയം എണ്ണ സംഭരണം പരിധി വിടുകയും ചെയ്തു. ഇതോടെയാണ് വിലയിടിഞ്ഞത്. വിലയിടിവ് താല്‍ക്കാലികമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ നേരിടുന്നത്. കോവിഡ് വ്യാപനവും ലോക്ക് ഡൗണും ഒക്കെയായി വിവിധ രാജ്യങ്ങളില്‍ എണ്ണ ഉപഭോഗത്തില്‍ കുറവ് വന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില പിടിച്ചു നിര്‍ത്താനായില്ല.

യുഎസിലെ പ്രധാന സംഭരണ കേന്ദ്രങ്ങളായ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയിലെത്തിയിരിക്കുകയാണ്. റിഫൈനറികളിലെ പ്രവര്‍ത്തനത്തിനും ഇത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും എണ്ണവില തകര്‍ച്ച നേരിട്ടതോടെ ഇത് എല്ലാ മേഖലയെയും ബാധിക്കുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE