
അമരാവതി: തിത്ലി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേന്ദ്രസഹായം തേടി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ 1200 കോടി രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇടക്കാല ആശ്വാസമായാണ് 1200 കോടി രൂപ ആന്ധ്ര ചോദിച്ചിരിക്കുന്നത്. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ച തിത്ലി ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെയാണ് ആന്ധ്ര തീരത്ത് വീശിയത്. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിനെ തുടര്‍ന്ന് ആന്ധ്രയുടെ ശ്രീകാകുളം വിസിനഗരം ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
#Visuals: Houses damaged and severe flooding in Asika in Odisha’s Ganjam district due to #CycloneTitli pic.twitter.com/U6My5p089g
— ANI (@ANI) October 13, 2018
ആന്ധ്രയുടെ തീരദേശ മേഖലകളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. കൃഷിനാശവും മറ്റ് നാശനഷ്ടങ്ങളും ഉള്‍പ്പെടെ 2800 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പറഞ്ഞു. ജനങ്ങളുടെ ദുരിതം ലഘൂകരിക്കാന്‍ ഉദാരമായ സഹായം നല്‍കണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. എട്ട് പേര്‍ മരിക്കുകയും രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് ചന്ദ്രബാബു നായിഡു പ്രസ്താവനയില്‍ വ്യക്തമാക്കി.
#CycloneTitli: Odisha CM Naveen Patnaik has announced that affected families of Ganjam, Gajapati&Gunupur sub-division of Rayagada will be given relief for 15 days. On an average a family of 4 members will be assisted with more than Rs 3000 as relief; Visuals from Odisha’s Ganjam pic.twitter.com/eAdRKJnfie
— ANI (@ANI) October 13, 2018
ഭുവനേശ്വര്‍: തിത്ലി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ വ്യാപക നാശനഷ്ടം. കാറ്റിനെ തുടര്‍ന്ന് ഗജപതി ജില്ലയിലുണ്ടായ കനത്ത പേമാരിയിലും ഉരുള്‍പൊട്ടലിലും 12 പേര്‍ മരിച്ചു. നാലു പേരെ കാണാതായി. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ കനത്ത മഴ തുടരുന്നതിനാല്‍ പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണെന്ന് സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ ബി.പി സേത്തി പറഞ്ഞു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പല മേഖലകളും ഒറ്റപ്പെട്ടു. റോഡുകള്‍ തകര്‍ന്നു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണതോടെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ദുരിത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നാശനഷ്ടങ്ങള്‍ക്കുള്ള അടിയന്തര സഹായം നല്‍കും.
ദേശീയ ദുരിത നിവാരണ സേന അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പ്രദേശത്ത് വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗഞ്ജം, ഗജപതി, പുരി, കണ്ഡമാല്‍, കേന്ദ്രപാര, രായഗഡ, ബാലസോര്‍ എന്നിവിടങ്ങളിലാണ് മഴ ഏറ്റവും നാശം വിതച്ചിരിക്കുന്നത്. ഗഞ്ജം ആണ് ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത്. മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി. വെള്ളിയാഴ്ച 963 അഭയാര്‍ത്ഥി ക്യാംപുകളിലായി 1,27,262 പേര്‍ എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. കാറ്റും മഴയും 60 ലക്ഷത്തോളം പേരെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.