പൗരാവകാശത്തിന്റെ വിളംബരമായി മുസ്ലിംലീഗ് റാലി

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്
പൗരാവകാശ സംരക്ഷണത്തിന്റെ വിളംബരമായി മുസ്‌ലിംലീഗ് റാലികള്‍ മനുഷ്യ സാഗരം തീര്‍ത്തു. ഭയരഹിത ഇന്ത്യ; എല്ലാവരുടെയും ഇന്ത്യ എന്ന പ്രമേയത്തിലുള്ള ദേശീയ ക്യാമ്പയിന്റെ ഭാഗമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ടും തൃശൂരും നടത്തിയ റാലികളില്‍ ജനലക്ഷങ്ങള്‍ അണിനിരന്നു. അഹിംസയും സഹനവും കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തില്‍ ഹിംസയുടെ നവഭരണകൂടത്തിന് താക്കീതായി സമരാവേശം ജ്വലിച്ചു.

മലബാര്‍ മേഖലയിലെ ജനലക്ഷങ്ങള്‍ കോഴിക്കോട് കടപ്പുറത്തും മധ്യകേരളത്തിലെ പോരാളികള്‍ തൃശൂര്‍ അക്വാറ്റിക് കോംപ്ലക്‌സ് ഗ്രൗണ്ടിലും പൗരാവകാശ സംരക്ഷണത്തിന്റെ പടച്ചട്ടയണിഞ്ഞു. മഹാത്മാഗാന്ധിയുടെ പ്രസംഗത്തിന് സാക്ഷ്യം വഹിച്ച കോഴിക്കോട് മുഹമ്മദലി കടപ്പുറത്തേക്ക് ഉച്ചയോടെ ഉത്തര കേരളത്തിലെ അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയവര്‍ ആവേഷത്തിന്റെ അലമാല തീര്‍ത്ത് നാലു മണിയോടെ പ്ലേകാര്‍ഡുകളും ഹരിതപതാകയുമേന്തി ബീച്ചിലേക്ക് ഒഴുകി.
എല്ലാര്‍ക്കും ജീവിക്കാനായ്, ഭയമില്ലാത്തോരിന്ത്യക്കായ്, മാനവ സ്‌നേഹികളൊന്നായ് ചേര്‍ന്ന്, ഒന്നിച്ചണിയായ് മുന്നോട്ട് എന്ന മുദ്രാവാക്യങ്ങളോടെ അണിയണിയായി ഒഴുകിയവര്‍ അച്ചടക്കത്തിലും ചിട്ടയിലും വേറിട്ടു നിന്നു. മതം പറഞ്ഞ് ജാതി പറഞ്ഞ്, ആളെക്കൊല്ലും കാപാലികരേ, നിര്‍ത്തൂ നിര്‍ത്തൂ ആള്‍ക്കൂട്ടക്കൊല എന്നു തുടങ്ങിയ എഴുതി നല്‍കിയ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മാത്രമാണ് റാലിയില്‍ മുഴങ്ങിയത്. നമ്മുടെ രാജ്യം ഇന്ത്യാ രാജ്യം, നാനാജാതി സംസ്‌കാരങ്ങള്‍, ചേര്‍ന്നു വസിക്കും മാതൃക രാജ്യം, തച്ചു തകര്‍ക്കാന്‍ നോക്കല്ലേ എന്ന താക്കീത് ഭരണകൂടങ്ങളെ പ്രകമ്പനം കൊള്ളിച്ചു.
കോഴിക്കോട്ട് കടപ്പുറത്തു നടന്ന മഹാസമ്മേളനം മുസ്്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ്പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍. എ സംസാരിച്ചു.


അസമിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ സൈനികനുമായ മുഹമ്മദ് അജ്മല്‍ ഹഖ്, ഡി.എം.കെ നേതാവും തമിഴ്‌നാട് എം.എല്‍.എയുമായ എം.എ സുബ്രഹ്മണ്യം എന്നിവര്‍ മുഖ്യാതിഥികളായി. സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍ ഷംസുദ്ദീന്‍ പ്രസംഗം മൊഴിമാറ്റം നടത്തി. നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല നന്ദിയും പറഞ്ഞു.
തൃശൂരില്‍ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ. എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ ബാബുരാജ് മുഖ്യാതിഥിയായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വി.കെ ഇബ്രാഹീംകുഞ്ഞ് എം.എല്‍.എ, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, പി.എച്ച് അബ്ദുല്‍സലാം, സി.എ. എം.എ കരീം, ടി.എം സലീം, സി.എച്ച് റഷീദ്, കെ.എസ് ഹംസ, പി.എം സാദിഖലി, പി.എ മുഹമ്മദ് റഷീദ്, സി.എം അമീര്‍ സംസാരിച്ചു.


SHARE