അടിമലത്തുറയില്‍ മന്ത്രി തോമസ് ഐസക്കിനെ തടഞ്ഞു; സന്ദര്‍ശനം പൂര്‍ത്തിയാക്കാതെ മന്ത്രി മടങ്ങി

തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഒന്‍പതാം ദിവസവും തീരദേശത്തിന്റെ കാത്തിരിപ്പ്. ഓഖി ദുരുതബാധിത പ്രദേശമായ അടിമലത്തുറയിലെത്തിയ മന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിഷേധവുമായി മത്സ്യ തൊഴിലാളികളുടെ ഉറ്റവര്‍ രംഗത്തെത്തി. ജോലി നഷ്ടപ്പെട്ടവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരത്തുകയാണ് നല്‍കിയതെന്നും സന്ദര്‍ശനം വൈകിയെന്നും പറഞ്ഞാണ് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്.

മോശം റേഷനരിയാണ് നല്‍കിയതെന്ന് ഇവര്‍ മന്ത്രിയോട് പറഞ്ഞു. കടബാധ്യത തീര്‍ക്കാന്‍ സഹായം ചെയ്യണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെതുടര്‍ന്ന് നഷ്ടപരിഹാരത്തുക സംബന്ധിച്ചുള്ള പരാതി പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാമെന്നും തോമസ് ഐസക് പറഞ്ഞു. തൊഴിലാളികളുടെ പ്രതിഷേധത്തുടര്‍ന്ന് മന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാകാതെ മടങ്ങുകയായിരുന്നു. നേരത്തെ, ദുരന്ത ബാധിത പ്രദേശത്തെത്തിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയേയും കടകംപള്ളിയേയും ആളുകള്‍ തടഞ്ഞിരുന്നു. കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനൊപ്പം എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്.

അതേസമയം, ഓഖി ചുഴലിക്കാറ്റില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ നാവിക സേന കണ്ടെത്തി. ലക്ഷദ്വീപിന് സമീപം പതിനേഴ് ബോട്ടുകളിലായി അകപ്പെട്ടവരെയാണ് നാവിക സേനയുടെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു.

SHARE