ദുരിത മേഖല വീണ്ടും സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി; സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നിട്ടില്ലെന്ന് വിമര്‍ശം

തിരുവനന്തപുരം: ‘ഓഖി’ ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരദേശമേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരിത മേഖലയായ തുമ്പയില്‍ തീരദേശ വാസികളെ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെത് വന്‍ വീഴ്ചയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഇനിയും ഉണര്‍ന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദുരിതം നടന്ന ആദ്യ ദിനത്തില്‍ തന്നെ ഞങ്ങള്‍ മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അന്നൊന്നും സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടല്ല. ഇപ്പോള്‍ ദിവസങ്ങള്‍ പലതു കഴിഞ്ഞു. തുമ്പില്‍ കാണാതായ ആറു പേരെ കുറിച്ച് ഒരുവിവരവും ഇല്ല. സംഭവത്തില്‍ സര്‍ക്കാറിന് വന്‍ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഓഖിയെ സംബന്ധിച്ച മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരിതവ്യാപ്തി കൂട്ടിയതെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

നാട്ടുകാരുടെ വേദന ഉള്‍ക്കൊള്ളാനുള്ള മനസ് മുഖ്യമന്ത്രി ഇനിയെങ്കിലും കാണിക്കണമെന്നും ഉമ്മചാണ്ടി കൂട്ടിച്ചേര്‍ത്തു.