ഓഖി ദുരന്തം: പ്രത്യേക കേന്ദ്ര സംഘം നാശനഷ്ടം വിലയിരുത്താന്‍ എത്തുന്നു

1843 കോടിയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിലെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രം പ്രത്യേക സംഘം വരുന്നു. കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നേരിട്ടറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ദുരന്തത്തില്‍ നിന്നും പുനരധിവാസത്തിന് കേരളം 1843 കോടിരൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. പ്രവര്‍ത്തനത്തില്‍ ഒരു വീഴ്ചയുമില്ലെന്നും നഷ്ടത്തിന്റെ ആഘാതം കൊണ്ടാണ് ഇത് മനസിലാക്കാന്‍ കഴിയാത്തതെന്നും പിണറായി പറഞ്ഞു.

മുന്നറിയിപ്പുകള്‍ നല്‍കാനായി ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഹായംവേണമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കേന്ദ്ര ഏജന്‍സികളുടെ ചെലവ് കേന്ദ്രം വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരച്ചില്‍ പത്തുദിവസം കൂടി തുടരുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.