യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയെ കുഴപ്പംനിറഞ്ഞതെന്ന് വിശേഷിപ്പിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒബാമയുടെ ഭരണകാലത്തെ ഭരണ നിര്‍വഹണ ഉദ്യോഗസ്ഥരുമായി നടത്തിയ കോണ്‍ഫറന്‍സിലാണ് ട്രംപിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഒബാമ വിമര്‍ശിച്ചത്.
75,000 അമേരിക്കക്കാരുടെ മരണത്തിന് ഇടയാക്കിയ മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് ഒബാമയെയും ഡമോക്രാറ്റിക് ഭരണത്തെയും ട്രംപ് നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും ഒബാമ പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ ഒബാമ അലുമ്‌നി അസോസിയേഷനിലെ 3000 അംഗങ്ങളുമായി വെള്ളിയാഴ്ച നടത്തിയ കോണ്‍ഫറന്‍സില്‍ നവംബര്‍ 3 ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്ന ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡനെ പിന്തുണയ്ക്കണമെന്ന് ഒബാമ അഭ്യര്‍ഥിച്ചു. ട്രംപും ബിഡനും തമ്മില്‍ അതിശക്തമായ പോരാട്ടമുണ്ടാകുമെന്നാണ് ദേശീയ പോളുകള്‍ സൂചിപ്പിക്കുന്നത്. നിരവധി സ്‌റ്റേറ്റുകളില്‍ ബിഡന്‍ മുന്നിലാണ്.