ഓഖി ഗുജറാത്ത് തീരത്തേക്ക്, അണികള്‍ക്ക് മോദിയുടെ മുന്നറിയിപ്പ്

 

കേരള, തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരം വിട്ട് ഗുജറാത്ത് തീരത്തേക്ക്. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്കാണ് അടുക്കുന്നത്. ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നാണ് മോദിയുടെ ആഹ്വാം.

കാലാവസ്ഥ മോശമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മറ്റ് നേതാക്കളും നയിക്കുന്ന വിവിധ തിരഞ്ഞെടുപ്പ് റാലികളും മാറ്റിവെച്ചു. ജനങ്ങളോട് രാത്രി പുറത്ത് പോവരുതെന്നും വലിയ വീടുകളില്‍ താമസിക്കുന്നവരോട് മറ്റുള്ളവര്‍ക്ക് കൂടി അഭയം നല്‍കാന്‍ തയ്യാറാവണമെന്നും ജില്ലാ മജിസ്ട്രേറ്റ് മഹേന്ദ്ര പട്ടേല്‍ ആവശ്യപ്പെട്ടു. ഏത് സാഹചര്യവും നേരിടാനായി ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ളവര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ തെക്കന്‍ തീരത്ത് ആഞ്ഞടിച്ച ഓഖി ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കടലാക്രമണത്തിനും കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 24 മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്‌തേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി നല്‍കി. അതിനിടെ, മറ്റൊരു ചുഴലിക്കാറ്റിനു സാധ്യതയുമായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത് ആശങ്ക പരത്തിയിട്ടുണ്ട്.

SHARE